Connect with us

Kasargod

അമ്പലത്തറയില്‍ സോളാര്‍ പ്ലാന്റും വ്യവസായ പാര്‍ക്കും വരുന്നു

Published

|

Last Updated

കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്തില്‍ വികസന മുന്നേറ്റം. ഈ പഞ്ചായത്തിലെ അമ്പലത്തറ വില്ലേജില്‍ വന്‍കിട സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഏതാണ്ട് തീരുമാനമായി. ഉത്തര കേരളത്തിന് ആശ്വാസമേകുന്ന സൗരോര്‍ജ്ജ പാര്‍ക്ക് അമ്പലത്തറ വില്ലേജിലെ വെള്ളൂട, കാരാക്കോട്, പനങ്ങാട് മേഖല കേന്ദ്രീകരിച്ച് സ്ഥാപിക്കാന്‍ സര്‍ക്കാറിന്റെ തീരുമാനം.
ഇവിടെ ഉപയോഗശൂന്യമായി കിടക്കുന്ന 500 ഏക്കര്‍ റവന്യു ഭൂമിയില്‍ സോളാര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ജില്ലയില്‍ 1100 ഏക്കര്‍ സ്ഥലത്താണ് സോളാര്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്.
പൈവളിഗെ വില്ലേജില്‍ 200 ഏക്കറും, അമ്പലത്തറ വില്ലേജില്‍ 500 ഏക്കറും കിനാനൂര്‍, കരിന്തളം വില്ലേജുകളില്‍ 400 ഏക്കര്‍ സ്ഥലവും കെ എസ് ഇ ബിക്ക് വിട്ടുകൊടുക്കും. കിനാനൂര്‍ വില്ലേജിലെ കടലാടിപ്പാറയും കരിന്തളം വില്ലേജിലെ കാലിച്ചാമരം, കോയിത്തട്ട തുടങ്ങിയ മേഖലയില്‍ സോളാര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ കണ്ടുവെച്ചിട്ടുണ്ട്. ഈ സൗരോര്‍ജ്ജ പദ്ധതി വഴി ഉത്പാദിപ്പിക്കപ്പെടുന്നത് 200 മെഗാവാട്ട് വൈദ്യുതിയായിരിക്കും 1400 കോടി രൂപയാണ് വൈദ്യുതി ചിലവ്. പാര്‍ക്ക് സ്ഥാപിക്കുന്നതോടെ ഉത്തര കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകും. നിലവില്‍ കടുത്ത വോള്‍ട്ടേജ് ക്ഷാമവും നീണ്ട നേരം വൈദ്യുതി വിതരണ സ്തംഭനവും നടക്കുന്ന ഉത്തര കേരളത്തിന് ഈ പാര്‍ക്ക് വെളിച്ച വിപ്ലവം പകരുമെന്നുറപ്പ്.
കെ എസ് ഇ ബിയുടെ ഹൈ ടെന്‍ഷന്‍ വൈദ്യുതി കടന്ന് പോകുന്ന മേഖലയിലാണ് സോളാര്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ എസ് ഇ ബിയുടെ ഗ്രിഡിലേക്ക് നേരിട്ട് നല്‍കാനാകും.
സൂര്യപ്രകാശം പരമാവധി ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സ് കണ്ടെത്തുന്ന ബൃഹത്തായ പദ്ധതിയാണിത്. ഇപ്പോള്‍ ഉത്തര കേരളത്തിലേക്ക് തൃശൂര്‍ മാടക്കത്തറയില്‍ നിന്നാണ് വൈദ്യുതി എത്തുന്നത്. വോള്‍ട്ടേജ് ക്ഷാമത്തിന് ഇത് കാരണമാകാറുണ്ട്. സോളാര്‍ പാര്‍ക്കിനുള്ള സ്ഥലമേറ്റെടുക്കല്‍ പ്രക്രിയ ഒരുമാസത്തിനകം പൂര്‍ത്തിയാകുമെന്നാണ് വിവരം.

Latest