നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റിനെതിരെയും അവിശ്വാസ പ്രമേയം വരുന്നു

Posted on: April 10, 2015 10:02 am | Last updated: April 10, 2015 at 10:02 am

നെന്മാറ: നെല്ലിയാമ്പതി പഞ്ചായത്ത് ഭരണസമിതി കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ട സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ യു ഡിഎഫ് ആലോചന.
അതേസമയം വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നപ്പോള്‍ കൂറുമാറി വോട്ടു ചെയ്ത സിപിഎം അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സി പി എം നേതൃത്വവും ആലോചിക്കുന്നു. ആര്‍ എസ് പി യിലെ ശാരദാ രാജന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചു ജയിച്ചെങ്കിലും ഇടക്കാലത്ത് എല്‍ ഡി എഫിലേക്ക് മാറി.
പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ ഒഴിവില്‍ ശാരദാരാജന് വൈസ് പ്രസിഡന്റ് പദവി കിട്ടി. എന്നാല്‍ ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ കൂടിയായ വൈസ്പ്രസിഡന്റിനെ അവഗണിച്ചുകൊണ്ട് പ്രസിഡന്റ് ചിത്തിരംപിള്ള തന്നിഷ്ടപ്രകാരം പലകാര്യങ്ങളും ചെയ്യുന്നതായി ശാരദരാജന്‍ പരാതിപ്പെട്ടിരുന്നു.
ബജറ്റ് തയാറാക്കലും അവതരണവും വൈസ് പ്രസിഡന്റിനെ അറിയിച്ചില്ലെന്ന് പരാതി ഉണ്ടായി. ഇതിനെ ചോദ്യം ചെയ്തതോടെ ശാരദാരാജന്‍ സി പി എമ്മിന്റെ കണ്ണിലെ കരടായി. തുടര്‍ന്ന് ഇവര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരികയായിരുന്നു. എന്നാല്‍ പ്രസിഡന്റ് ചിത്തിരംപിള്ളയുടെ ഭരണത്തില്‍ അതൃപ്തരായ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളുണ്ടെന്ന കാര്യം നേതൃത്വം അറിഞ്ഞില്ല. അവിശ്വാസം വോട്ടിനിട്ടപ്പോള്‍ ഒന്‍പത് എല്‍ഡിഎഫ് അംഗങ്ങള്‍ ഉള്ളതില്‍ ആര്‍എസ്പി അംഗത്തെ കൂടാതെ രണ്ട് സിപിഎം വനിതാഅംഗങ്ങള്‍കൂടി കൂറുമാറി വോട്ടുചെയ്തു.
ഇതോടെ യു ഡി എഫിന് ഏഴു വോട്ട് കിട്ടിയപ്പോള്‍ സിപിഎമ്മിന് ആറു വോട്ട് മാത്രമേ ലഭിച്ചുള്ളൂ. സിപിഎം കൊണ്ടുവന്ന പ്രമേയത്തെ സി പി എം അംഗങ്ങള്‍ തന്നെ പരാജയപ്പെടുത്തിയത് പാര്‍ട്ടിക്ക് തിരിച്ചടിയായി.