പുഴയൊഴുകാന്‍, കനിവുണരാന്‍

Posted on: April 8, 2015 6:00 am | Last updated: April 8, 2015 at 12:25 am

SIRAJ.......സംസ്ഥാനത്തെ നദികളെ ജനപങ്കാളിത്തത്തോടെ സംരക്ഷിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ‘പുഴയൊഴുകാന്‍, കനിവുണരാന്‍’ പദ്ധതിയുടെ നടത്തിപ്പ് ചുമതല അതാത് നദികളൊഴുകുന്ന പഞ്ചായത്തുകള്‍ക്കായിരിക്കും. പദ്ധതിയുടെ ആദ്യഘട്ടം ഇതിനകം കണ്ണൂരിലെ കുപ്പം പുഴയില്‍ വിജയകരമായി നടപ്പാക്കുകയും അതിന് വന്‍ ജനപങ്കാളിത്തം ലഭിക്കുകയുമുണ്ടായി.
നാടിന്റെ ജീവവായുയാണ് നദികള്‍. കുടിവെള്ള ക്ഷാമവും വൈദ്യുതിക്ഷാമവും പരിഹരിക്കുന്നതും കാര്‍ഷിക മേഖലയെ വളര്‍ത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതും മുഖ്യമായും നദികളാണ.് വ്യവസായ ശാലകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ജലത്തിനും നദികളെയാണ് ആശ്രയിക്കുന്നത്. നദികള്‍ നശിച്ചാല്‍ ജനങ്ങളുടെ നിലനില്‍പ് തന്നെ അപകടത്തിലാകും. കേരളം ഇന്ന് അത്തരമൊരു അപകടകരമായ സ്ഥിതിവിശേഷത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. മണ്ണൊലിപ്പ്, മണല്‍വാരല്‍, നദീതീര കൈയേറ്റം, വൃഷ്ടി പ്രദേശ വനനാശം, രൂക്ഷമായ മലിനീകരണം, ഓരുവെള്ള കയറ്റം തുടങ്ങി വിവിധ കാരണങ്ങളാല്‍ നാശോന്മുഖമാണ് സംസ്ഥാനത്തെ നദികള്‍.
കേരളത്തിലെ വ്യവസായശാലകളില്‍ നല്ലൊരു പങ്കും നദീതീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവയില്‍ നിന്ന് പുറംതള്ളുന്ന അവശിഷ്ടങ്ങള്‍ നദീജലത്തെ മലിനമാക്കുന്നതിന് പുറമെ മത്സ്യസമ്പത്തിന്റെ നാശത്തിനും വഴിവെക്കുന്നു. പെരിയാറിന്റെ തീരത്ത് മാത്രം 250 വ്യവസായ ശാലകളുണ്ട്. അവയില്‍ നിന്നുള്ള മാരകമായ വിഷം അടങ്ങിയ മലിനജലം പെരിയാറിലേക്കാണ് ഒഴുക്കുന്നത്. നദീതീരങ്ങളിലെ താമസക്കാര്‍ വീടുകളിലെ പാഴ്‌വസ്തുക്കളും അറവുശാലകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും അവശിഷ്ടങ്ങളും തള്ളുന്നതും നദികളിലാണ്. രാജ്യത്തെ മറ്റു നദികളെ അപേക്ഷിച്ച് കേരളത്തിലേത് നീളത്തിലും വ്യാപ്തിയിലും വൃഷ്ടിപ്രദേശ വിസ്തീര്‍ണത്തിലും ശുഷ്‌കമായതിനാല്‍ മാലിന്യ നിക്ഷേപവും മനുഷ്യന്റെ പ്രത്യക്ഷമായും പരോക്ഷമായുമുള്ള ഇടപെടലുകളും അവയെ വളരെ വേഗത്തില്‍ മലിനവും ഉപയോഗ ശൂന്യവുമാക്കുന്നു. പെരിയാറിലും പമ്പയിലും ചാലിയാറിലുമൊക്കെ അതിന്റെ പ്രത്യാഘാതങ്ങള്‍ പ്രകടമായിക്കഴിഞ്ഞതാണ്.
രൂക്ഷമായ ഓരുവെള്ളക്കയറ്റവമാണ് നദികള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. കടലിലോ കായലിലോ ചെന്നുചേരുന്നതും തീരദേശങ്ങളിലൂടെ ഒഴുകുന്നതുമാണ് കേരളത്തിലെ നദികളെന്നതിനാല്‍ വേനല്‍കാലത്ത് വേലിയേറ്റമുണ്ടാകുന്ന സന്ദര്‍ഭത്തില്‍ ഓരുവെള്ളം വന്‍തോതില്‍ കയറി വരികയും അതിലെ ജലം ഉപയോഗ ശൂന്യമാക്കുകയും ചെയ്യുന്നു. മണ്ണൊലിപ്പും മണല്‍ വാരലും കാര്‍ഷിക വൃത്തിയുടെ പേരില്‍ നടക്കുന്ന ജലം ഊറ്റലും നദികളുടെ നാശത്തിന് വഴിയൊരുക്കുന്നുണ്ട്. മണ്ണൊലിപ്പ് തടയുന്നതിനായി നാല് പതിറ്റാണ്ടുകള്‍ക്കു മുമ്പ് സര്‍ക്കാര്‍ കയ്യാലപ്പദ്ധതി നടപ്പാക്കിയിരുന്നു. കുറേ പേര്‍ അത് പ്രയോജനപ്പെടുത്തിയെങ്കിലും പിന്നീട് ആ പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്. അതോടെ നദികളില്‍ മണ്ണ് വന്നുനിറയുകയും വേനലില്‍ നദികള്‍ വറ്റിവരളുകയും ചെയ്യുന്ന സ്ഥിതി വീണ്ടും ശക്തിപ്പെട്ടു. വാട്ടര്‍ അതോറിറ്റി, ജലസേചന വകുപ്പ്, കൃഷി വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, വൈദ്യുതി ബോര്‍ഡ്, അണക്കെട്ട് സുരക്ഷാ വകുപ്പ് തുടങ്ങി നദികളില്‍ നിന്നും ഗുണം പറ്റുന്ന വകുപ്പുകള്‍ പലതുമുണ്ടെങ്കിലും നദീ സംരക്ഷണം ഇവരുടെയൊന്നും അജന്‍ഡയിലില്ല. അനധികൃത ജലമൂറ്റും മലിനീകരണവും മണ്ണൊലിപ്പും മണല്‍വാരലും നിയന്ത്രിക്കാനുള്ള ശ്രമങ്ങളൊന്നും ഇവരാരും നടത്തുന്നില്ല. നദികളില്‍ നിന്നുള്ള ഗുണവും ആദായവും മാത്രമാണ് ഈ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ലക്ഷ്യം.
ഈയൊരു സാഹചര്യത്തിലാണ് ‘കില’യുടെ സഹകരണത്തോടെ സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. കിലയുടെ ഡയറക്ടറായ ഡോ. പി പി ബാലന്‍ തന്റെ ജന്മനാട്ടിലൂടെ ഒഴുകുന്ന കുപ്പം പുഴയുടെ സംരക്ഷണത്തിന് നാട്ടുകാരുടെയും പരിസ്ഥിതി പ്രേമികളുടേയും കൂട്ടായ്മയിലൂടെ ആരംഭിച്ച പ്രവര്‍ത്തനമാണ് ഇതിന് മാതൃക. സംസ്ഥാനത്തെ മറ്റു 43 നദികളിലും അടുത്ത ആറ് മാസത്തിനകം പദ്ധതി ആരംഭിക്കാനാണ് തീരുമാനം. അതാത് പുഴയുമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ആളുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രാമസഭകളാണ് പുഴയുടെയും പുഴ ഉത്ഭവിപ്പിക്കുന്ന വൃഷ്ടി പ്രദേശത്തിന്റെയും സംരക്ഷണത്തിന് വേണ്ട പദ്ധതികള്‍ തയ്യാറാക്കുന്നത്. പുഴയോരത്ത് കൈയേറ്റം നടന്നിട്ടുണ്ടെങ്കില്‍ അതൊഴിപ്പിക്കാനും നാട്ടുകാരുടെ കൂട്ടായ്മ മുന്നിട്ടിറങ്ങും. നാട്ടുകാരെ പരമാവധി പങ്കെടുപ്പിച്ചു പുഴയോരത്ത് കൂടിയുള്ള ജാഥകള്‍, സെമിനാറുകള്‍ തുടങ്ങിയവയാണ് പദ്ധതിയിലെ മറ്റു ഇനങ്ങള്‍. ഇതിന്റെ സാമ്പത്തിക ബാധ്യതയും പഞ്ചായത്തുകള്‍ക്കായിരിക്കും. പദ്ധതിയുടെ ഓരോ ഘട്ടത്തിലും കില ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. കുപ്പം പുഴ സംരക്ഷണത്തില്‍ കൈവരിച്ച ജനപങ്കാളിത്തവും ആസൂത്രണ വൈഭവവും ഉറപ്പാക്കാന്‍ സാധിച്ചാല്‍ മറ്റു ഭാഗങ്ങളിലും ഈ പദ്ധതി വിജയിപ്പിക്കാന്‍ സാധിക്കുമെന്നതില്‍ സന്ദേഹമില്ല. പദ്ധതിയുടെ അനിവാര്യതയെക്കുറിച്ചു നാട്ടുകാരില്‍ അവബോധം സൃഷ്ടിക്കുന്നതില്‍ കൈവരിക്കുന്ന വിജയത്തെ ആശ്രയിച്ചിരിക്കും പദ്ധതിയുടെ മുന്നേറ്റം.