Connect with us

Gulf

ഡി ഐ പിയില്‍ എട്ട് പുതിയ ഹോട്ടലുകള്‍ വരുന്നു

Published

|

Last Updated

ദുബൈ: ഡി ഐ പി(ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്)യില്‍ എട്ട് പുതിയ ഹോട്ടലുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നതായി അധികൃതര്‍ വ്യക്തമാക്കി. അടുത്ത അഞ്ചു വര്‍ഷത്തിനകമാണ് ഹോട്ടലുകള്‍ യാഥാര്‍ഥ്യമാവുകയെന്ന് ഡി ഐ പി അധികൃതര്‍ വിശദീകരിച്ചു. ഇതോടനുബന്ധമായി സര്‍വീസ് അപാര്‍ട്ട്‌മെന്റുകളും ഉയരും. വിവിധ നക്ഷത്ര പദവികളിലുള്ള ഹോട്ടലുകളാവും ഡി ഐ പി മേഖലയില്‍ പണിയുക. ഇവ പൂര്‍ത്തിയാവുന്നതോടെ ഡി ഐ പിയില്‍ ലഭ്യമാവുന്ന ഹോട്ടല്‍ മുറകികളുടെ എണ്ണം ഏകദേശം രണ്ടായിരത്തോളമാവും. എക്‌സ്‌പോ 2020 മുന്നില്‍ കണ്ടാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. വ്യക്തിഗതമായ നിക്ഷേപകരാണ് ഹോട്ടല്‍ നിര്‍മാണത്തിനായി മുന്നോട്ട് വന്നിരിക്കുന്നത്. എക്‌സ്‌പോയുടെ ഭാഗമായി 2.5 കോടി സന്ദര്‍ശകര്‍ ദുബൈയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2020 ഒക്ടോബര്‍ മുതല്‍ 2021 ഏപ്രില്‍ വരെയാണ് ദുബൈ വേള്‍ഡ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. സന്ദര്‍ശകരില്‍ 1.75 കോടിയും വിദേശങ്ങളില്‍ നിന്നുള്ളവരാവും. എക്‌സ്‌പോയുമായി ബന്ധപ്പെട്ട് 45,000 ഹോട്ടല്‍ മുറികള്‍ സജ്ജമാക്കേണ്ടി വരുമെന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്. 710 കോടി ദിര്‍ഹം മൂലധനമായി ഡി ഐ പിയില്‍ നിക്ഷേപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡി ഐ പി സ്ഥാപിതമായത് മുതല്‍ നിക്ഷേപകരുടെ ഇഷ്ട ഇടമാണിതെന്ന് ജനറല്‍ മാനേജര്‍ ഉമര്‍ അല്‍ മെസ്മര്‍ വ്യക്തമാക്കി. ജബല്‍ അലി തുറമുഖത്തിന്റെ സമീപ്യവും അല്‍ മക്തൂം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അരികിലാണെന്നതും ഹോട്ടലുകള്‍ക്ക് വന്‍ സാധ്യത കല്‍പിക്കുന്നുണ്ട്. ഒപ്പം മറ്റ് തന്ത്രപ്രധാനമായ സ്ഥാനവുമെല്ലാം ഇതിന് കാരണമാവുന്നുണ്ട്. ഈ ദിശയിലേക്കുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള കാല്‍വെപ്പിന്റെ ഭാഗം കൂടിയാണിത്.
ഡി ഐ പി മേഖലയില്‍ മെച്ചപ്പെട്ട താമസ കേന്ദ്രങ്ങള്‍ ലഭ്യമാക്കുകയെന്ന പദ്ധതിയുടെ ഭാഗംകൂടിയാണ് ഹോട്ടലുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ഇത് താമസക്കാര്‍ക്കും സന്ദര്‍ശകരായി എത്തുന്നവര്‍ക്കും താങ്ങാവുന്ന നിരക്കില്‍ താമസം ലഭ്യമാവാന്‍ ഉപകരിക്കും.
ദുബൈയുടെ വിനോദസഞ്ചാര മേഖലയുടെ സര്‍വതോന്മുഖമായ വികസനത്തിന്റെ ഭാഗം കൂടിയാണിത്. ഇതിന് പുറമെ ഡി ഐ പിയില്‍ സ്വന്തമായി ഭൂമിയുള്ള മൂന്നു നിക്ഷേപകര്‍ കൂടി ഹോട്ടല്‍ ആരംഭിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും അല്‍ മെസ്മര്‍ വെളിപ്പെടുത്തി.

Latest