പ്രതീക്ഷയുണര്‍ത്തുന്ന ധാരണ

Posted on: April 6, 2015 6:01 am | Last updated: April 5, 2015 at 11:02 pm

SIRAJ.......ഇറാനും ആറ് ലോകശക്തികളും തമ്മില്‍ സ്വിസ് നഗരമായ ലുസേനില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചക്കൊടുവില്‍ നിലവില്‍ വന്ന ധാരണ എത്ര ദുര്‍ബലമാണെങ്കിലും അത് സമാധാന കാംക്ഷികള്‍ക്കാകെ ആശ്വാസം പകരുന്നതാണ്. ഒരു വ്യാഴവട്ടക്കാലം നീണ്ടുനിന്ന സംശയത്തിനും കുറ്റപ്പെടുത്തലിനും ഭീതിവത്കരണത്തിനും സംഘടിത ഒറ്റപ്പെടുത്തലിനുമാണ് ഇടവേളയാകുന്നത്. ഇറാന്റെ ആണവ പരീക്ഷണത്തെച്ചൊല്ലി മേഖലയില്‍ നിലനിന്നിരുന്ന യുദ്ധഭീതി ഒഴിവാകുന്നു. ലോക സമൂഹവുമായി ഇറാന്‍ ഒരിക്കലും രഞ്ജിപ്പിലെത്താതിരിക്കാന്‍ ഇസ്‌റാഈല്‍ നടത്തിയ കരുനീക്കങ്ങള്‍ താത്കാലികമായെങ്കിലും തകരുന്നു. ഏത് കുഴഞ്ഞ പ്രശ്‌നത്തിനും നയതന്ത്ര ചര്‍ച്ചകളിലൂടെ എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയുണര്‍ത്തുന്നുമുണ്ട് ലുസേന്‍ ചര്‍ച്ച.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെച്ച രാജ്യമാണ് ഇറാന്‍. തങ്ങളുടെ ആണവ പരീക്ഷണങ്ങള്‍ തികച്ചും സമാധാനപരമായ ആവശ്യത്തിനുള്ളതാണെന്ന് ഇറാന്‍ ആണയിടുമ്പോഴും അമേരിക്കയും കൂട്ടാളികളും അത് വിശ്വസിക്കുന്നില്ല. ഇറാന്‍ അണുബോംബ് നിര്‍മിക്കുന്നുവെന്ന് അവര്‍ ഭയപ്പെടുന്നു. 2002ല്‍ പുറത്തുവന്ന ചില രഹസ്യാന്വേഷണ വിവരത്തിന്റെ ചുവടുപിടിച്ചാണ് ഈ ഭീതി ശക്തമായത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല. എന്നിട്ടും മാരകമായ ഉപരോധം തുടര്‍ന്നു. യു എന്നിന്റെ വക ഉപരോധം. യൂറോപ്യന്‍ യൂനിയന്റെ വക ഉപരോധം. അമേരിക്ക നേരിട്ട് നടപ്പിലാക്കുന്ന ഉപരോധം. ഇറാന്റെ എണ്ണ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതായി. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ വന്‍ കിടക്കാരെ ധിക്കരിച്ച് ഇറാനുമായി സഹകരിച്ചപ്പോഴെല്ലാം ശിക്ഷയേറ്റുവാങ്ങേണ്ടിവന്നു. ഉപരോധം എന്ന ഏര്‍പ്പാടിന് അന്താരാഷ്ട്ര സംഘടനയായ യു എന്നിന്റെ പിന്തുണയുള്ളപ്പോള്‍ അത് നിയമപരവും വ്യവസ്ഥാപിതവുമായ സമ്മര്‍ദ തന്ത്രമാകുന്നു. എന്നാല്‍ തങ്ങളുടെ പിടിയില്‍ ഒതുങ്ങാത്ത ക്രൂരമായ ഉപരോധങ്ങള്‍ക്കുകൂടി പച്ചക്കൊടി കാണിക്കുകയാണ് ലോകത്തിന്റെ സംരക്ഷണ ചുമതയുള്ള അന്താരാഷ്ട്ര സംഘടന ചെയ്തത്. അത് ഇറാനെ അക്ഷരാര്‍ഥത്തില്‍ ശ്വാസംമുട്ടിച്ചു. വന്‍ ശക്തികള്‍ക്ക് ഒരു കുറ്റബോധവും ഉണ്ടായിരുന്നില്ല. ഇസ്‌റാഈലിന്റെ നിലനില്‍പ്പ് ഉത്തരവാദിത്വമായി ഏറ്റെടുത്ത അമേരിക്ക അറബ് രാജ്യങ്ങളുടെ കൂടി ആശങ്കയെ മുന്നില്‍ നിര്‍ത്തിയാണ് ഇറാനെതിരെ ഉപരോധ യുദ്ധം പ്രഖ്യാപിച്ചത്. ഈ വിഷമവൃത്തത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഇറാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. വര്‍ഷങ്ങളായി തുടരുന്ന വട്ടമേശകളെ എവിടെയെങ്കിലും ഒന്ന് എത്തിക്കണമെന്ന് അമേരിക്കക്കും, പ്രത്യേകിച്ച് ഒബാമക്കും താത്പര്യമുണ്ടായിരുന്നു. ഈ രണ്ട് താത്പര്യങ്ങളും കൂടിച്ചേര്‍ന്നപ്പോഴാണ് മറ്റ് ബാഹ്യസമ്മര്‍ദങ്ങളെയാകെ വകഞ്ഞുമാറ്റി ധാരണയുടെ സൂര്യന്‍ ഉദിച്ചത്.
ആണവായുധ ശക്തിയാകാനുള്ള വിദൂര സാധ്യതകളെപ്പോലും ഇപ്പോള്‍ സാധ്യമായ പ്രഥാമിക ധാരണയിലെ വ്യവസ്ഥകള്‍ തകര്‍ത്തു കളയുന്നുണ്ട്. യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള സെന്‍ട്രിഫ്യൂഗുകളുടെ എണ്ണം മൂന്നിലൊന്നായി കുറക്കണം. സെന്‍ട്രിഫ്യാഗുകളുടെ എണ്ണം 19,000ത്തില്‍ നിന്ന് വെറും 6,104 ആയി വെട്ടിച്ചുരുക്കും. യുറേനിയം സമ്പുഷ്ടീകരണം 3.67 ശതമാനമായി പരിമിതപ്പെടുത്തും. അണുബോംബ് ഉണ്ടാക്കാന്‍ 90 ശതമാനമെങ്കിലും സമ്പുഷ്ടികരണം വേണം. വരുന്ന 15 വര്‍ഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഒരു പ്ലാന്റ് പോലും നിര്‍മിക്കില്ല. ഫോര്‍ദോ ആണവ നിലയം അടച്ചുപൂട്ടി അത് ന്യൂക്ലിയര്‍ ഫിസിക്‌സ് പഠന കേന്ദ്രമാക്കും. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ആണവ കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കും. പ്ലൂട്ടോണിയം ഉപയോഗിക്കുന്ന ഹെവി വാട്ടര്‍ റിയാക്ടര്‍ ആയ അരാക് നിലയത്തിന്റെ പ്രവര്‍ത്തനവും ഘട്ടംഘട്ടമായി അവസാനിപ്പിക്കും. പകരമായി ഇറാനെതിരെയുള്ള ഉപരോധം ഘട്ടംഘട്ടമായി നീക്കും. വ്യാപാര ഉപരോധവും ആയുധ ഉപരോധവും സാമ്പത്തിക ഉപരോധവുമെല്ലാം സാവധാനമെങ്കിലും ഇല്ലാതാകും.
മൂന്ന് മാസത്തിന് ശേഷമേ കരാറിന്റെ കരട് തയ്യാറാകുകയുള്ളൂ. പത്ത്, പതിനഞ്ച് വര്‍ഷത്തെ ദീര്‍ഘകാല കരാറാകുമത്. ഇക്കാലയളവില്‍ ഇറാനിലും അമേരിക്കയിലും ഉണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ കരാറിനെ സ്വാധീനിക്കും. ഇപ്പോള്‍ തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അതൃപ്തിയുണ്ട്. നടത്തിയത് നഷ്ടക്കച്ചവടമാണെന്ന് ഇറാനിലും ചിലര്‍ക്ക് പരാതിയുണ്ട്. ഇസ്‌റാഈലിന്റെ ഇടപെടല്‍ വേറെയും. ഇപ്പോള്‍ നിലവില്‍വന്ന ധാരണ പക്ഷപാതപരം തന്നെയാണ്. ഇതില്‍ ഇറാനെതിരായ ഉപരോധം നീക്കുന്നതിന് വ്യക്തതയില്ല. എന്നാല്‍ ഇറാന്റെ ആണവ പരിപാടി പരിമിതപ്പെടുത്തുന്നതിന് കൃത്യമായ നിര്‍ദേശങ്ങളുണ്ട്. അന്തിമ കരാര്‍ വരുമ്പോള്‍ ഇത്തരം അനീതികള്‍ മറികടക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ശരിയായ അനുരഞ്ജനം സാധ്യമായെന്ന് പറയാനാകൂ. നീണ്ടുനില്‍ക്കുന്ന സമാധാനത്തിന് കീഴടക്കലും കീഴടങ്ങലുമല്ലല്ലോ വേണ്ടത്.