Connect with us

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം

Published

|

Last Updated

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം.
മന്ത്രി ഡോ എം കെ മുനീറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. അടിസ്ഥാന സൗകര്യ വികസനവും രോഗം ഭേദമായവരുടെ പുനരധിവാസവും ഉറപ്പുവരുത്തന്നതിനുമായി ആറംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തും. കമ്മിറ്റി അംഗങ്ങളെ ഉടന്‍ തീരുമാനിക്കും. കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശദമായ പ്ലാനും എസ്റ്റിമേറ്റും തയാറാക്കും. ഈ മാസം 20, 21 തിയ്യതികളില്‍ കമ്മിറ്റി ഇംഹാന്‍സ് സന്ദര്‍ശിക്കും.
ഒരു മാസത്തിനുള്ളില്‍ കമ്മിറ്റി വിശദമായ ഡി പി ആര്‍ സമര്‍പ്പിക്കും. കമ്മിറ്റിയുടൈ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ വിലയിരുത്തും. അസുഖം ഭേദമായവരുടെ പുനരധിവാസത്തിന് മാനസികാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് തന്നെ സൗകര്യമൊരുക്കാനും പദ്ധതിയുണ്ട്.
2010 ല്‍ തന്നെ മാസ്റ്റര്‍ പ്ലാന്‍ നിലവില്‍ വന്നിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഒന്നും നടന്നിരുന്നില്ല. നവീകരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ ജി ഒ കളുടെയും സ്വകാര്യ വ്യക്തികളുടെയും സഹകരണവും തേടും.
സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ 80 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച കെട്ടിടം കൂടുതല്‍ ഉപയോഗ പ്രദമാക്കുമെന്ന് മന്ത്രി പറഞ്ഞു.
സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ നേത്യത്വത്തില്‍ മൂന്ന് നേരവും രോഗികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നതിന് പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.