Connect with us

Malappuram

കരിപ്പൂര്‍ വിമാനത്താവളം അപ്രസക്തമാക്കാനുള്ള നീക്കം അംഗീകരിക്കില്ല: കാന്തപുരം

Published

|

Last Updated

കൊണ്ടോട്ടി: മലബാറിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് വേഗം കൂട്ടിയ കാലിക്കറ്റ് എയര്‍പോര്‍ട്ട് അപ്രസക്തമാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സമസ്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇ സുലൈമാന്‍ മുസ്‌ലിയാര്‍ക്ക് കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റണ്‍വേ വികസനത്തിന്റെ പേരില്‍ താവളം അടച്ചിടുന്നത് അതിനെ തകര്‍ക്കാനാണോ എന്ന സംശയം ജനങ്ങള്‍ക്കിടയില്‍ ബലപ്പെട്ടുവരികയാണ്. എല്ലാ ആശങ്കകളും ദുരീകരിച്ച് എയര്‍പോര്‍ട്ട് പൂര്‍വോപരി കാര്യക്ഷമതയോടെ നിലനിര്‍ത്താന്‍ നടപടികള്‍ ഉണ്ടാകണം.
ഗോവധ നിരോധം തുടങ്ങിയ അപ്രായോഗികമായ തീരുമാനങ്ങള്‍ എടുക്കാനുള്ള നീക്കങ്ങള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തും. എല്ലാ വിഭാഗം ജനങ്ങളെയും സഹിഷ്ണുതയോടെ ഒന്നിപ്പിച്ച് കൊണ്ടുപോകാന്‍ ഭരണകര്‍ത്താക്കള്‍ക്കാകണം. വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ച് സത്യത്തെയും നീതിയെയും കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നത് ആപത്പകരമാണ്. കുറ്റക്കാര്‍ക്കെതിരെ മുഖമോ പാര്‍ട്ടിയോ നോക്കാതെ നടപടിയെടുക്കാന്‍ ആര്‍ജവം കാണിക്കുന്നതിന് പകരം ഭരണ പ്രതിപക്ഷ ഭേദമന്യേ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. സമ്പൂര്‍ണ മദ്യനിരോധമാണ് ആവശ്യം. ഫൈവ്‌സ്റ്റാര്‍ ഒഴികെയുള്ള ബാറുകളുടെ അംഗീകാരം റദ്ദാക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചുകൊണ്ടുള്ള കോടതിവിധി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ഇ സുലൈമാന്‍ മുസ്‌ലിയാരെ സയ്യിദ് യൂസുഫുല്‍ ബുഖാരി ഷാളണിയിച്ച് ആദരിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി ഉപഹാരം സമര്‍പ്പിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സി മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, റഹ്മത്തുല്ല സഖാഫി എളമരം യഥാക്രമം ചരിത്രം, മുന്നേറ്റം, നേതൃത്വം, പരിചയം, പാരമ്പര്യം എന്നീവിഷയങ്ങളില്‍ പ്രഭാഷണം നടത്തി.
എസ് എം എ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം എ റഹീം, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, താനാളൂര്‍ അബ്ദു മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ഹബീബ്‌കോയ തങ്ങള്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി, സയ്യിദ് സൈനുല്‍ ആബിദീന്‍, കെ പി എച്ച് തങ്ങള്‍ പ്രസംഗിച്ചു.

 

Latest