Connect with us

Gulf

ഒമാനില്‍ വിദേശ തൊഴിലാളികള്‍ക്ക് നിയന്ത്രണം: റിപ്പോര്‍ട്ടിന് അംഗീകാരം

Published

|

Last Updated

മസ്‌കത്ത്: വിദേശികളായ തൊഴിലാളികളെ നിയന്ത്രിക്കുന്നതിനായി നിയമിച്ച പ്രത്യേക നിയമ സമിതിയുടെ റിപ്പോര്‍ട്ട് ഒമാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗീകരിച്ചു. ചെയര്‍മാന്‍ ഡോ. യഹ്‌യ ബിന്‍ മഹ്ഫൗസ് അല്‍ മന്ദ്‌രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയാണ് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. “വിദേശികളെ നിയന്ത്രിക്കുന്ന നിയമനിര്‍മാണം” എന്ന വിഷയത്തില്‍ അബ്ദുല്‍ ഖാദിര്‍ ബിന്‍ സാലിം അല്‍ ദഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്റ്റേറ്റ് കൗണ്‍സില്‍ അംഗീകരിച്ച റിപ്പോര്‍ട്ട് അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും നിയമനിര്‍മാണവുമായി ബന്ധപ്പെട്ട നിര്‍ണായക നടപടികള്‍ ഉണ്ടാകുകയുള്ളു. സ്റ്റേറ്റ് കൗണ്‍സില്‍ അംഗീകരിച്ച ബില്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ശരിവെക്കുന്നതോടെ മാത്രമെ നിയമമായി പ്രഖ്യാപിക്കപ്പെടുകയുള്ളു. നിലവിലെ നിയമങ്ങള്‍ രാജ്യത്തെല്ലായിടത്തും നടപ്പിലാക്കിയാല്‍ തന്നെ രാജ്യത്തെ തൊഴില്‍ മേഖലയെ നിയന്ത്രിക്കാനാകുമെന്ന് അല്‍ ദഹാബ് വ്യക്തമാക്കി. കമേഴ്ഷ്യല്‍ റജിസ്റ്റര്‍ ആക്ടില്‍ അനിവാര്യമായ ഭേദഗതി വേണമെന്നാണ് റിപ്പോര്‍ട്ടില്‍ ഊന്നിപ്പറഞ്ഞിരിക്കുന്ന കാര്യം.
ഒമാനിലെ വാണിജ്യ, വ്യാപാര മേഖലയെ നിയന്ത്രിക്കാനും ഈ രംഗത്തേക്ക് കൂടുതല്‍ സ്വദേശികള്‍ക്ക് അവസരം നല്‍കാനുമായി നിലവിലെ നിയമത്തിന് പരിഷ്‌കരണം വേണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. അതേസമയം, സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ സ്വദേശികള്‍ക്ക് അവസരം നല്‍കുകയാണെങ്കില്‍ നിലവിലെ വിസാ, തൊഴില്‍ നിയമങ്ങള്‍ക്ക് മാറ്റമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം മാനവവിഭവ മന്ത്രി വ്യക്തമാക്കിയിരുന്നു.
മന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സ്റ്റേറ്റ് കൗണ്‍സിലില്‍ ചര്‍ച്ച നടന്നത്. സ്വദേശിവത്കരണത്തിലൂടെയും വിസ നിയമം പരിഷ്‌കരിക്കുന്നതിലുടെയും രാജ്യത്തെ നിലവിലെ തൊഴില്‍ പ്രശ്‌നവും തൊഴിലില്ലായ്മയും പരിഹരിക്കാനാകുമെന്നാണ് ഒരുകൂട്ടം സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍, പുതിയ സാമ്പത്തിക വ്യവസ്ഥ നടപ്പാക്കി രാജ്യത്തെ തൊഴില്‍ മേഖലയെ കൂടുതല്‍ അഭിവൃതിയിലേക്ക് ഉയര്‍ത്താനുള്ള ശ്രമമാണ് നടക്കേണ്ടതെന്ന് മറ്റൊരു കൂട്ടം സാമ്പത്തിക വിദഗ്ധരും പറയുന്നു.