ഭീഷണി അകലാതെ കുരങ്ങുപനി;ചികിത്സയില്‍ ഒന്‍പത് പേര്‍; മൂന്ന് പേരുടെ നിലഗുരുതരം

Posted on: April 3, 2015 11:22 am | Last updated: April 3, 2015 at 11:22 am

കല്‍പ്പറ്റ: കഴിഞ്ഞ ജനുവരി മാസം മുതല്‍ ബത്തേരി താലൂക്കിലെ അഞ്ച് പഞ്ചായത്തുകളില്‍ താണ്ഡവമാടുന്ന കുരങ്ങുപനിയുടെ ഭീഷണി അകലുന്നില്ല. ഇപ്പോഴും ഒന്‍പത് പേര്‍ ചികില്‍സയിലാണ്. ഇവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരതരമായി തുടരുന്നു. സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ള സിന്ധുവെന്ന ആദിവാസി യുവതി ദിവസങ്ങളായി അബോധാവസ്ഥയിലാണ്. മരണാസന്ന സ്ഥിതിയിലുള്ളവരുടെ തുടര്‍ ചികില്‍സയില്‍ അവ്യക്ത നിലനില്‍ക്കുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മുന്‍പ് കൊണ്ടുപോയവരില്‍ ഒരാളൊഴികെ എല്ലാവരും മരിച്ചുവെന്നതിനാല്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ കാര്യത്തില്‍ ഇനിയെന്ത് എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. സര്‍ക്കാര്‍ കണക്ക് പ്രകാരം കുരങ്ങുപനി മൂലം മരിച്ചവരുടെ എണ്ണം ഏഴാണ്. ഇതില്‍ അഞ്ച് പേരും ആദിവാസികളാണ്. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതല്ലെന്നാണ് ആദിവാസികളും കോളനികള്‍ക്ക് സമീപത്തെ പ്രദേശവാസികളും ആണയിട്ടു പറയുന്നത്. കുരങ്ങു പനി ബാധിച്ച് കഴിഞ്ഞ ജനുവരി ആദ്യ അഴ്ച മുതല്‍ മാര്‍ച്ച് മാസം ആദ്യ ആഴ്ച വരെ മരിച്ചവര്‍ 11 എന്നാണ് അനൗദ്യോഗിക കണക്ക്. സര്‍ക്കാര്‍ ഈ നിലയില്‍ അന്വേഷണങ്ങളൊന്നും നടത്തിയിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് സഹായ ധനം പ്രഖ്യാപിച്ചത്. ഇതില്‍ പൊതു വിഭാഗത്തില്‍പ്പെട്ട രണ്ട് പേരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം വീതം കൊടുത്തു. മരണപ്പെട്ട അഞ്ച് ആദിവാസികളുടെയും കുടുംബങ്ങള്‍ക്ക് ഒരോ ലക്ഷം രൂപ വീതമേ ഇതുവരെ നല്‍കിയുള്ളു. ശേഷിക്കുന്ന ഓരോ ലക്ഷം രൂപ വീതം ഇന്ന് വിതരണം ചെയ്യണമെന്ന് കുരങ്ങുപനി അവലോകനത്തിനായി വയനാട് കലക്‌ടേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ വെച്ച് മന്ത്രി പി കെ ജയലക്ഷ്മി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുരങ്ങുപനി മൂലം ഇത്രയും മരണം ഉണ്ടായിട്ടും ഇതാദ്യമായാണ് രാഷ്ട്രീയകക്ഷികളുടെയും ആദിവാസി സംഘടനാ പ്രതിനിധികളുടെയും യോഗം ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്തത്. ഈ യോഗം വിളിച്ചത് തന്നെ സി പി ഐ നിയമസഭാ കക്ഷി പ്രതിനിധികളായി വയനാട്ടിലെ കുരങ്ങുപനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിരങ്ങള്‍ ശേഖരിച്ച എം എല്‍ എമാരായ ഇ ചന്ദ്രശേഖരന്‍, ഇ കെ വിജയന്‍ എന്നിവര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാമനത്തിലായിരുന്നു. ഫണ്ട് ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ കൊടുക്കാതിരുന്നതാണെന്ന് യോഗത്തില്‍ മന്ത്രിയുടെ നിര്‍ദേശത്തില്‍ നിന്ന് തന്നെ ബോധ്യമായി. രോഗ ബാധിതരായി ചികില്‍സ തേടിയവര്‍ക്കും ഇപ്പോഴും ചികില്‍സയില്‍ തുടരുന്നവര്‍ക്കും 10,000 രൂപ വീതം സഹായധനം പ്രഖ്യാപിച്ചിരുന്നെങ്കിലും 29 പേര്‍ക്ക് മാത്രമാണ് ഇത് കൊടുത്തിട്ടുള്ളത്. ഇപ്പോഴും ചികില്‍സയില്‍ ഉള്ളവരടക്കം 30 പേര്‍ക്കും സഹായധനം അനുവദിച്ചിട്ടില്ല.
കുരങ്ങുപനി വിഷയത്തിന്റെ ഗൗരവം സര്‍ക്കാര്‍ ഉള്‍ക്കൊള്ളുകയോ അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് യോഗത്തില്‍ സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്ത് സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടത് തന്നെ ഇതിന് തെളിവാണ്. കുരങ്ങുപനി ചികില്‍സക്കായി സംസ്ഥാനതലത്തിലുള്ള വിദഗ്ധ സംഘം പോലും വയനാട്ടില്‍ ഇതുവരെ എത്തിയില്ല. യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ജയലക്ഷ്മി ആരോഗ്യ മന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ഇന്ന് തന്നെ വിദഗ്ധ സംഘത്തെ അയയ്ക്കാന്‍ തീരുമാനം ഉണ്ടാക്കുകയായിരുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച് എഴ് ജീവനുകള്‍ പൊലിഞ്ഞിട്ടും 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടും വിദഗ്ധ സംഘത്തെ പോലും അയയ്ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കുരങ്ങ് പനി സ്ഥിരീകരണത്തിനുള്ള വൈറോളജി ലാബ് സൗകര്യം വയനാട്ടിലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോലും ഇല്ല. ഇപ്പോഴും രക്തസാമ്പിള്‍ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ അയച്ചാണ് പരിശോധന. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതമെങ്കിലും സഹായധനം അനുവദിക്കണമെന്നും രോഗ ചികില്‍സ തേടിയവര്‍ക്ക് 25,000 രൂപ വീതം സഹായം നല്‍കണമെന്നും ആദിവാസി മഹാസഭയുടെയും ആദിവാസി ക്ഷേമസമിതിയുടെയും വനത്തിലെ സമര കേന്ദ്രങ്ങളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് അടക്കം പ്രതിരോധ കുത്തിവെയ്പ് എടുക്കണമെന്നും വിജയന്‍ ചെറുകര ആവശ്യപ്പെട്ടു. യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളും ആദിവാസി സംഘടനാ പ്രതിനിധികളും ഈ ആവശ്യം ശരിവെച്ചു. കുരങ്ങുപനി ബാധിച്ച് മരിച്ചവര്‍ ആദിവാസികളായത് കൊണ്ട് മാത്രമാണ് ഇത്രത്തോളം അനാസ്ഥയെന്നും പൊതുസമൂഹത്തിലായിരുന്നുവെങ്കില്‍ ഈ വിഷയത്തില്‍ സ്‌ഫോടനാത്മക സ്ഥിതി നേരിടേണ്ടി വരുമായിരുന്നുവെന്നും വിജയന്‍ ചെറുകര ചൂണ്ടിക്കാട്ടി. കേരള നിയമസഭയില്‍ രണ്ട് പട്ടിക വര്‍ഗ പ്രതിനിധികള്‍ വയനാട്ടില്‍ നിന്ന് ഉണ്ടായിട്ടും അവര്‍ പോലും പ്രശ്‌നം ഗൗരവത്തിലെടുക്കാത്തത് മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണെന്നും വിജയന്‍ ചെറുകര പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രനും ആദിവാസി സംഘടനാ പ്രതിനിധികളും കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഏകോപനമില്ലായ്മയും അനാസ്ഥയും ചൂണ്ടിക്കാട്ടി.