നൗഷാദിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ബന്ധുക്കള്‍

Posted on: April 2, 2015 10:03 am | Last updated: April 2, 2015 at 10:03 am

ചങ്ങരംകുളം: ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ കാണാതാകുകയും പിന്നീട് പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നും ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും പിതാവും സഹോദരനും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുറങ്ങ് മാരാമുറ്റം തെക്കുംപുറത്ത് അബ്ദുര്‍റഹിമാന്റെ മകന്‍ നൗഷാദി(24) നെയാണ് 2014 ഏപ്രില്‍ 17ന് കാണാതായത്.
മത്സ്യം കയറ്റിറക്കുമതി സംബന്ധമായ ജോലി ചെയ്തിരുന്ന ഇയാള്‍ ഇടക്കിടെ മംഗലാപുരം, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതായും സാധാരണ വീട്ടില്‍ നിന്നും പോയാല്‍ രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചെത്തിയിരുന്നതെന്നും വീട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ 17ന് വീട്ടില്‍ നിന്നും പോയ നൗഷാദിനെ കുറിച്ച് പിന്നീട് ഒരു വിവരവും ഉണ്ടായിരുന്നില്ല. കാണാതായി രണ്ടു ദിവസത്തിന് ശേഷം പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മകനെ കാണാതായി ഒരുവര്‍ഷം തികയാനിരിക്കെ ഒരുമാസം മുന്‍പ് ഇവരുടെ വീട്ടുകാര്‍ക്ക് ഒരു വര്‍ഷം മുന്‍പ് ഇറങ്ങിയ പത്രത്തിന്റെ ഭാഗം ലഭിക്കുകയും അതില്‍ പുഴയില്‍ മുങ്ങിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞില്ലെന്ന വാര്‍ത്തയും ഫോട്ടോയും ഇവരുടെ ശ്രദ്ധയില്‍ പെടുകയും ചെയ്തു. 2014 മെയ് അഞ്ചിനുള്ള പത്രത്തിലായിരുന്നു കുറ്റിപ്പുറം പുഴയില്‍ നിന്നും ലഭിച്ച അജ്ഞാത മൃത്‌ദേഹം തിരിച്ചറിഞ്ഞില്ലെന്ന വാര്‍ത്തയുണ്ടായിരുന്നത്.
പത്രത്തില്‍ കണ്ട ഫോട്ടോ നൗഷാദിന്റെതാണെന്ന് സംശയം തോന്നിയ വീട്ടുകാര്‍ കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിലും തുടര്‍ന്ന് തിരൂര്‍ ഡി വൈ എസ് പി ഓഫീസിലും അന്വേഷിക്കുകയും അജ്ഞാത മൃത്‌ദേഹം നൗഷാദിന്റെതാണെന്ന് തിരിച്ചറിയുകയും ചെയ്തു. യുവാവിനെ കാണാതായതിന്റെ പിറ്റേന്നു തന്നെ പുഴയില്‍ നിന്നും മൃത്‌ദേഹം ലഭിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ബന്ധുക്കള്‍ക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
മൃത്‌ദേഹത്തിന്റെ ഫോട്ടോ പരിശോധിച്ചപ്പോള്‍ ശരീരത്തില്‍ ഗുരുതരമായ പരുക്കുകള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. യുവാവിന്റെ മരണം കൊലപാതകമാണെന്നും വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ യാതൊരു സാഹചര്യവുമില്ലെന്നും സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇവര്‍ കുറ്റിപ്പുറം പോലീസില്‍ ഒരുമാസം മുന്‍പ് പരാതി നല്‍കിയെങ്കിലും യാതൊരു അന്വേഷണമോ നടപടികളോ ഉണ്ടായില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. മകന്റെ കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും നിലവില്‍ പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും കാണിച്ച് നൗഷാദിന്റെ മാതാവ് ജില്ലാ പോലീസ് മേധാവിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ പിതാവ് അബ്ദുര്‍റഹിമാന്‍, സഹോദരന്‍ അന്‍സാര്‍ പങ്കെടുത്തു.