പാര്‍ട്ടി വിലക്ക് ലംഘിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ സി പി എം തത്കാലം നടപടിയെടുക്കില്ല

Posted on: April 2, 2015 5:15 am | Last updated: April 2, 2015 at 12:15 am

മാന്നാര്‍: പാര്‍ട്ടി വിലക്ക് ലംഘിച്ച് ദേശാഭിമാനി സ്വയം സഹായ സംഘത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത ഏരിയാ കമ്മറ്റിയംഗംങ്ങള്‍ക്കും പരിപാടി സംഘടിപ്പിച്ച ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്കും തത്കാലം നടപടിയില്ല. ജില്ലാ കമ്മിറ്റി മാന്നാറില്‍ നടന്ന സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച സാഹചര്യത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ നടപടി വേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. വി എസ് അചുതാന്ദന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സ്വയം സഹായ സംഘത്തിന്റെ ഭാരവാഹികളായ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എന്‍ പി ദിവാകരന്‍, അജി മുഹമ്മദ് എന്നിവരെ പാര്‍ട്ടയില്‍ നിന്ന് സസ്‌പെന്‍ഡ്് ചെയ്തിരുന്നു. എന്നാല്‍, ഈ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ഇപ്പോള്‍ ഇത് സംബന്ധിച്ച് വിശദീകരണം ചോദിക്കുകയും ചെയ്തിരിക്കുകയാണ്. കൂടാതെ പരിപാടിയില്‍ പങ്കെടുത്ത ഏരിയാ കമ്മിറ്റിയംഗങ്ങളായ ജി രാമകൃഷ്ണന്‍, വി കെ വാസുദേവന്‍ എന്നിവരോടും വിശദീകരണം തേടി. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി നിര്‍ദേശം ഉണ്ടായിരുന്നിട്ടും 15 ഓളം ലോക്കല്‍ കമ്മിറ്റിയംഗങ്ങളും 20 ബ്രാഞ്ച് സെക്രട്ടറിമാരും ആറ് ഗ്രാമപഞ്ചായത്തംഗങ്ങളും പങ്കെടുത്തിരുന്നു. ഇവര്‍ സ്റ്റേജില്‍ ഇകയറിയില്ലെങ്കലും സദസില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കെതിരെയെല്ലാം നടപടിയെടുക്കാന്‍ തുടങ്ങിയാല്‍ മാന്നാറില്‍ പിന്നെ പാര്‍ട്ടിയെന്ന് പറഞ്ഞ് നടക്കുവാന്‍ ആരും ഉണ്ടാകില്ലെന്നാണ് ഇന്നലെ നടന്ന ഏരിയാ കമ്മിറ്റിയില്‍ ഒരു മുതിര്‍ന്ന ഏരിയാ കമ്മിറ്റിയംഗം പറഞ്ഞത്. ഇതിന്റെ പേരില്‍ നടപടിയെടുത്താല്‍ വിഎസ് പങ്കെടുത്ത യോഗത്തില്‍ എത്തിയവരിലധികം അംഗങ്ങളെ പങ്കെടുപ്പിച്ച് കണ്‍വന്‍ഷന്‍ നടത്തുമെന്നുവരെ പങ്കെടുത്ത ചിലര്‍ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പും അതിന് ശേഷം അസംബ്ലി തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുത്താല്‍ വലിയവില പാര്‍ട്ടി നല്‍കേണ്ടി വരുമെന്ന് നേതൃത്വത്തെ ഏരിയാ നേതൃത്വം അറിയിക്കുകയും ചെയ്തു. ദേശാഭിമാനി സ്വയംസഹായസംഘത്തില്‍ മാത്രമായി പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമായി 35 കുടുംബങ്ങളുണ്ട്. കൂടാതെ ഒരു ഭാരവാഹി ന്യൂനപക്ഷ സമുദായത്തില്‍ ഏറെ സ്വാധീനമുള്ളതും ബന്ധു ബലമുള്ളതുമായ ആളാണ്.നടപടി എടുക്കേണ്ടത് ഏരിയാ കമ്മിറ്റിയംഗങ്ങള്‍ക്കും സമുദായ സംഘടനകളുടെ പിന്തുണയുള്ളവരാണ്. അതിനാല്‍ തന്നെ ഇക്കൂട്ടരെ ഇപ്പോള്‍ പിണക്കുന്നത് ശരിയല്ലെന്ന ഏരിയാ നേതൃത്വത്തിന്റെ വാദത്തെതുടര്‍ന്നാണ് നടപടികള്‍ വിശദീകരണത്തിലൊതുക്കി നേതൃത്വം തലയൂരാന്‍ നോക്കുന്നത്.