അതിവേഗം ബഹുദൂരമെത്തട്ടെ…

Posted on: April 1, 2015 8:17 pm | Last updated: April 1, 2015 at 8:17 pm

oommenchandiകേരളത്തിലേക്ക് നിക്ഷേപം എത്തിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദുബൈയില്‍ പെടാപാടുപെടുന്നുണ്ട്. യു എ ഇ സാമ്പത്തിക കാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി തൊട്ട് ദുബൈ എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അഹ്മദ് അല്‍ സര്‍ഊനിയെ വരെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ടു കഴിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സഹായിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരായ പി എച്ച് കുര്യന്‍, ഡോ. എം ബീന എന്നിവരും യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കൂടിയായ എം എ യൂസുഫലി എന്നിവരും കൂടെത്തന്നെയുണ്ട്.
കേരളത്തില്‍ നിക്ഷേപം നടത്താന്‍ അറബ് സമൂഹത്തിന് താല്‍പര്യമുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. യു എ ഇ സാമ്പത്തിക കാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി ഇതു സംബന്ധിച്ച് ഏറെ ആവേശത്തോടെയാണ് മുഖ്യമന്ത്രിയോട് സംസാരിച്ചത്. കേരളത്തില്‍ വല്ലാര്‍പാടം, സ്മാര്‍ട് സിറ്റി എന്നിവ നടപ്പാക്കുന്നത് ദുബൈ കമ്പനികളാണ്. കൂടുതല്‍ മേഖലകളില്‍ മൂലധനം ഇറക്കാന്‍ യു എ ഇ ഭരണകൂടത്തിന് യാതൊരു മടിയുമില്ല. ഏതൊക്കെ മേഖലകളിലാണ് നിക്ഷേപം എന്ന് ചൂണ്ടിക്കാട്ടിയാല്‍ മാത്രം മതിയാകും.
വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ കേരളത്തിന്റെ കൈയില്‍ പണമില്ല. അതേ സമയം, പല മേഖലകളിലും നേരിട്ടുള്ള വിദേശ നിക്ഷേപം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുമുണ്ട്. ആ നിലയില്‍, തിരിഞ്ഞു കുത്താത്ത നിക്ഷേപം, ആരില്‍ നിന്നായാലും പ്രശ്‌നമില്ല. ധാരാളം തൊഴിലവസരങ്ങള്‍ നാട്ടില്‍ സൃഷ്ടിക്കപ്പെടും. അറബ് സമൂഹത്തില്‍ നിന്നാകുമ്പോള്‍ പ്രധാന പ്രതിപക്ഷമായ ഇടതുപക്ഷത്തിനും വലിയ എതിര്‍പ്പുണ്ടാകുമെന്ന് തോന്നുന്നില്ല.
അറബ് സമൂഹവും മലയാളി സമൂഹവും നൂറ്റാണ്ടുകള്‍ക്കു മുമ്പേ പരസ്പരം വാണിജ്യ ഇടപാടുകള്‍ തുടങ്ങിയതാണ്. രണ്ട് സമൂഹത്തിന് ഇത് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ആദ്യകാലങ്ങളില്‍ അവശ്യസാധനങ്ങള്‍, കയര്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങിയവ പത്തേമാരിയില്‍ ഗള്‍ഫിലേക്ക് കൊണ്ടുവന്നു. കുറേ കഴിഞ്ഞ്, ഗള്‍ഫില്‍ എണ്ണ സ്രോതസ് കണ്ടെത്തിയപ്പോള്‍ തൊഴില്‍ തേടി ധാരാളം മലയാളികള്‍ കടല്‍ കടന്നെത്തി. പരസ്പര വിശ്വാസവും ബഹുമാനവും വെച്ചു പുലര്‍ത്താന്‍ ഇരു സമൂഹങ്ങള്‍ക്കും ഇതേവരെ കഴിഞ്ഞിട്ടുണ്ട്.
വികസനത്തിന് കൊള്ളപ്പലിശക്കാരെയും പാശ്ചാത്യ കമ്പനികളെയും ആശ്രയിക്കുന്നതിനെക്കാള്‍ ഉചിതം അറബ് സമൂഹത്തെ പങ്കാളികളാക്കുന്നതാണ്. അത് കൊണ്ടാണ്, വ്യക്തികളായാലും സ്ഥാപനങ്ങളായാലും രണ്ടു കൈയും നീട്ടി മലയാളി സമൂഹം സ്വീകരിക്കുന്നത്. വന്‍കിട പദ്ധതികള്‍ക്ക് നല്‍കാന്‍ ഭൂമി ഇല്ലെന്നതാണ് കേരളത്തിന്റെ പരാധീനത. ഐ ടി, ടൂറിസം തുടങ്ങിയ മേഖലകള്‍ക്ക് അധികം ഭൂമി ആവശ്യമില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അവ സൃഷ്ടിക്കുന്നുമില്ല. അത് കൊണ്ട്, അത്തരം മേഖലകളില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടതാണ്.
കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പക്വതയാര്‍ന്ന സമീപനം ഇപ്പോള്‍ സ്വീകരിക്കുന്നുണ്ട്. പക്ഷേ, ഉദ്യോഗസ്ഥര്‍ അവസരത്തിനൊത്ത് ഉയര്‍ന്നോ എന്ന കാര്യത്തില്‍ സംശയമുണ്ട്. രാജ്യാന്തര നിക്ഷേപ സംഗമത്തിന് (ആന്വല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ്) മുഖ്യമന്ത്രി ദുബൈയില്‍ എത്തുമെന്നും നിക്ഷേപം സംബന്ധിച്ച രൂപരേഖ മുഖ്യമന്ത്രിയെ ഏല്‍പിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് തോന്നിയില്ല. അത് കൊണ്ടുതന്നെ, ഉന്നത തല ചര്‍ച്ചകളില്‍ മൂര്‍ത്തമായ ആശയങ്ങള്‍ ഉയര്‍ന്നു വന്നില്ല. തെലുങ്കാനയില്‍ നിന്ന് ഒരു പറ്റം മന്ത്രിമാരും ഉദ്യോഗസ്ഥരും ഗൃഹപാഠവുമായാണ് എത്തിയതെന്ന് അവരുടെ ശരീര ഭാഷയില്‍ നിന്ന് തന്നെ മനസിലാക്കാന്‍ കഴിയുന്നു. ഏതായാലും പ്രധാനപ്പെട്ട മൂന്നു മേഖലകള്‍ ഉടന്‍ കണ്ടെത്തി കേരള സര്‍ക്കാര്‍ യു എ ഇ സാമ്പത്തിക കാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയെ ഉടന്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുക. ‘അതിവേഗം, ബഹുദൂരം’ ഇവിടെയാണ് പ്രസക്തമാകുക.