Connect with us

Gulf

'കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകുന്നു'

Published

|

Last Updated

ദുബൈ: ഏതാനും മാസങ്ങള്‍ക്കകം സമ്പൂര്‍ണ ഡിജിറ്റല്‍ കേരളം പ്രഖ്യാപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദുബൈയില്‍ രാജ്യാന്തര നിക്ഷേപ സംഗമത്തില്‍ (ആന്വല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ്) പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ ജില്ലകളിലും ഐ ടി സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തെ പൂര്‍ണമായും ഡിജിറ്റല്‍ വത്കരിക്കുക എന്ന ലക്ഷ്യവുമായാണ് ഇത്തരം സംരംഭങ്ങള്‍ തുടങ്ങിയത്. അത് പൂര്‍ണ വിജയത്തിലെത്തുകയാണ്. ഏറ്റവും കുറഞ്ഞ ചിലവില്‍ സോഫ്റ്റ്‌വെയര്‍ നിര്‍മിക്കുന്ന ലോകത്തിലെ തന്നെ അപൂര്‍വം പ്രദേശങ്ങളില്‍ ഒന്നായി കേരളം മാറുകയാണ്. ഈ സൗകര്യം വിദേശികള്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയും.
ഐ ടി സാക്ഷരതയില്‍ കേരളം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ചൈനയെ മറികടക്കുന്ന അവസ്ഥയിലേക്കാണ് കേരളം പോയിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഗുണം വരുന്ന തലമുറക്കും ലഭ്യമായിരിക്കും.
രാജ്യാന്തര നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് കേരളീയര്‍ക്കുള്ള അംഗീകാരമായാണ് കാണുന്നത്. കേരളീയരുടെ അധ്വാന ഫലമായി യു എ ഇ അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിന്റെ അഭിമാനം ഉയര്‍ന്നു നില്‍ക്കുന്നു. ഇന്ത്യക്കാര്‍ വിശിഷ്യാ കേരളീയര്‍ ലക്ഷക്കണക്കിനുള്ള സ്ഥലമാണ് ഗള്‍ഫ്. ഗള്‍ഫ് മേഖലയുമായി നിക്ഷേപരംഗത്തും മറ്റും സൗഹൃദം വര്‍ധിപ്പിക്കാനുള്ള എല്ലാസാധ്യതകളും ഇപ്പോഴുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest