കാട്ടാനകള്‍ ഊട്ടി-മേട്ടുപാളയം ദേശീയ പാത കൈയടക്കുന്നു

Posted on: April 1, 2015 12:28 pm | Last updated: April 1, 2015 at 12:28 pm

ഗൂഡല്ലൂര്‍: കാട്ടാനകള്‍ ഊട്ടി-മേട്ടുപാളയം ദേശീയ പാത കൈയടക്കുന്നു. മരപ്പാലം, ബര്‍ളിയാര്‍ എന്നിവിടങ്ങളിലാണ് കാട്ടാനകളെത്തുന്നത്. സമീപത്തെ വനത്തില്‍ നിന്നാണ് ആനകളെത്തുന്നത്. കുട്ടികളുമായാണ് കാട്ടാനകള്‍ റോഡ് മുറിച്ച് കടക്കുന്നത്. ഇത്കാരണം വാഹനയാത്രക്കാര്‍ വലിയ പ്രതിസന്ധിയിലായിട്ടുണ്ട്. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ പ്രയാസത്തിലായിരിക്കുന്നത്. വനങ്ങളില്‍ ആഹാരങ്ങളും, ജലവും ഇല്ലാത്തതിനെത്തുടര്‍ന്നാണ് ആനകള്‍ കൂട്ടമായി പാതയോരങ്ങളിലെ പ്ലാവുകളില്‍ നിന്ന് ചക്ക ഭക്ഷിക്കുന്നതിനായിയെത്തുന്നത്. ചക്ക സീസണ്‍ ആരംഭിച്ചതോടെ കാട്ടാനകള്‍ സ്ഥിരമായി ഇവിടെ വരുന്നുണ്ട്. പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനകള്‍ വാഹനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. റോഡോരങ്ങളില്‍ നിലയുറപ്പിച്ച കാട്ടാനകളെ കണ്ട് ഭയവിഹ്വലരായാണ് യാത്രക്കാര്‍ ഇതുവഴി സഞ്ചരിക്കുന്നത്. കാട്ടാനകളുടെ ഫോട്ടോയെടുക്കരുതെന്നും ഇതുവഴി സഞ്ചരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും വനംവകുപ്പ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.