ഗ്രാമീണ മേഖലയിലെ സാമൂഹിക, സാമ്പത്തിക വളര്‍ച്ച സര്‍ക്കാറിന്റെ ലക്ഷ്യം: രാഷ്ട്രപതി

Posted on: February 23, 2015 2:28 pm | Last updated: February 24, 2015 at 11:30 am

pranab...

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ പൊതു, റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്ന പാര്‍ലിമെന്റ് സമ്മേളനത്തിന് തുടക്കമായി. ഭൂമി ഏറ്റെടുക്കല്‍, ഇന്‍ഷ്വറന്‍സ് ബില്‍ ഉള്‍പ്പെടെയുള്ള ആറ് ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുന്നതിന് വേണ്ടി അഭിപ്രായൈക്യം ഉണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഹായം ഇതിനകം തേടിയിട്ടുണ്ട്. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പാര്‍ലിമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു.
ഗ്രാമീണ മേഖലയിലെ സാമൂഹിക, സാമ്പത്തിക വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പാര്‍ലിമെന്റില്‍ പറഞ്ഞു. 2022 ഓടെ എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. നഗര മേഖലയില്‍ അടിസ്ഥാനസൗകര്യ വികസനം വര്‍ധിപ്പിക്കും. സ്ത്രീ സുരക്ഷയും ശിശുക്ഷേമവും സര്‍ക്കാര്‍ ഉറപ്പ് വരുത്തും. വിദ്യാഭ്യാസം, നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. അറുപതിനായിരത്തോളം വരുന്ന കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എം പിമാര്‍ പ്രാദേശിക വികസന ഫണ്ടിന്റെ അമ്പത് ശതമാനം സ്വച്ഛ് ഭാരത് പദ്ധതിക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടു.
ലോകത്ത് അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച 7.4 ശതമാനമായിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര തലത്തിലുള്ള കള്ളപ്പണം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കും. ‘ചെറിയ സര്‍ക്കാര്‍, മികച്ച ഭരണം’ എന്നതാണ് സര്‍ക്കാറിന്റെ നയം. വ്യാഴാഴ്ചയാണ് റെയില്‍വേ ബജറ്റ് അവതരിപ്പിക്കുക. 27ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും 28ന് പൊതു ബജറ്റും അവതരിപ്പിക്കും.