ഗെയിംസ് ആവേശം ഏറ്റുപിടിച്ച്: റണ്‍ കേരള റണ്‍

Posted on: January 20, 2015 9:42 am | Last updated: January 30, 2015 at 2:48 pm

RUN KERALA RUNതിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കൊപ്പം ഇന്ന് ഒരു കോടി മലയാളികള്‍ ചരിത്രത്തിലേക്ക് ഓടിക്കയറും ദേശീയ ഗെയിംസിന്റെ ആവേശം ജനങ്ങളിലേക്കെത്തിക്കാന്‍ സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടം ഇന്ന് രാവിലെ 10.30ന് ആരംഭിക്കും. ദേശീയ ഗെയിംസിന്റെ അംബാസഡര്‍ കൂടിയായ സച്ചിന്‍ തലസ്ഥാനത്ത് കൂട്ടയോട്ടത്തിന് നേതൃത്വം നല്‍കും. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിന്റെ മുന്നില്‍ രാവിലെ 10.30ന് ഗവര്‍ണര്‍ പി സദാശിവം ഫഌഗ് ഓഫ് ചെയ്യുന്നതോടെ കൂട്ടയോട്ടത്തിന് തുടക്കമാകും. സച്ചിനൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി എസ് ശിവകുമാര്‍ എന്നിവരും പങ്കെടുക്കും. നോര്‍ത്ത് ഗേറ്റ് ചുറ്റി സെന്‍ട്രല്‍ സ്റ്റേഡിയം വരെയാണ് ഓടുന്നത്. തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുചടങ്ങുമുണ്ടാകും. പരിപാടിയില്‍ പങ്കെടുക്കാനായി ഇന്നലെ ഉച്ചയോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി.

സംസ്ഥാനത്തെ ഏഴായിരം കേന്ദ്രങ്ങളിലാണ് റണ്‍ കേരള റണ്‍ നടത്താന്‍ ലക്ഷ്യമിട്ടുരുന്നെങ്കിലും അഭൂതപൂര്‍വമായ പ്രതികരണത്തെത്തുടര്‍ന്ന് വേദികളുടെ എണ്ണം പതിനായിരമാക്കി മാറ്റുകയായിരുന്നു. ജില്ലാ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ 21 മെഗാ റണ്ണുകള്‍ക്കും 226 മിനി മെഗാറണ്ണുകള്‍ക്കും പുറമെ 10,000 പോയിന്റുകളിലും കൂട്ടയോട്ടം നടക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ഓട്ടത്തിന് നേതൃത്വം നല്‍കും. ലോക കായിക ചരിത്രത്തില്‍ ഇത്രയും വലിയ കൂട്ടയോട്ടം ഇതാദ്യമായാണ് നടക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം ആയിരത്തോളം പോയിന്റുകളിലായാണ് ഓട്ടം. കൂട്ടയോട്ടം നടക്കുന്ന സ്ഥലങ്ങളില്‍ ഗതാഗത ക്രമീകരണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10.30 മുതല്‍ 11.30 വരെ ഇടവേള നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും റസിഡന്‍സ് അസോസിയേഷനുകളും, സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം നാഷണല്‍ ഗെയിംസിന് പിന്തുണയറിയിച്ച് റണ്‍ കേരള റണ്ണില്‍ പങ്കെടുക്കുന്നുണ്ട്. 200 മുതല്‍ 800 മീറ്റര്‍ വരെ ഓടാവുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍.