National
മമതയെ അറസ്റ്റ് ചെയ്താല്‍ ബംഗാള്‍ കത്തും: തൃണമൂല്‍ എം പി

കൊല്‍ക്കത്ത: കോടികളുടെ ശാരദ ചിട്ടി ഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ അറസ്റ്റ് ചെയ്താല്‍ ബംഗാള്‍ മുഴുവന്‍ കത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഇദ്‌രീസ് അലി എം പി ഭീഷണിമുഴക്കി. പാര്‍ട്ടി സംഘടിപ്പിച്ച റാലിയിലാണ് ഇദ്‌രീസ് അലി ഭീഷണി മുഴക്കിയത്. ശാരദ ചിട്ടി ഫണ്ട് കുംഭകോണം അന്വേഷിക്കുന്ന സി ബി ഐ, മമതാ ബാനര്‍ജിക്കെതിരെ കേസെടുത്താല്‍ നാട്ടില്‍ വന്‍തോതിലുള്ള അസ്വസ്ഥതകളുണ്ടാകുമെന്നാണ് ബഷിര്‍ഹട്ടില്‍ നിന്നുള്ള എം പിയായ ഇഇദ്‌രീസ് നല്‍കുന്ന മുന്നറിയിപ്പ്.
ഇദ്‌രീസിന്റെ പ്രസ്താവനയോട് കോണ്‍ഗ്രസ് പാര്‍ട്ടി അതി രൂക്ഷമായാണ് പ്രതികരിച്ചത്. ശാരദ ചിട്ടി ഫണ്ടില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ സി ബി ഐ കേസന്വേഷണം ശരിയായ വിധം നടക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബംഗാളിലെ നാല് മുതിര്‍ന്ന നേതാക്കളെ ഇതിനകം സി ബി ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാന ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സി ബി ഐക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്നും ചാക്കോ പറഞ്ഞു.
ഈ കുംഭകോണത്തിലൂടെ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണെന്ന്, ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കുനാല്‍ ഘോഷ് നേരത്തെ ആരോപിച്ചിരുന്നു. ശാരദ ചിട്ട് ഫണ്ട് കുംഭകോണം ടി എം സിയെ പൊതുവിലും മമതാ ബാനര്‍ജിയെ പ്രത്യേകിച്ചും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കുനാല്‍ ഘോഷിന് പുറമെ ടി എം സി നേതാക്കളായ മദന്‍ മിത്ര തുടങ്ങി നിരവധി നേതാക്കള്‍ അറസ്റ്റിലായിട്ടുണ്ട്. ടി എം സിയുടെ എം പിയായ ശതാബ്ദി റോയിയെ ഈ കേസില്‍ ചോദ്യം ചെയ്യാനായി സി ബി ഐ വിളിപ്പിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി ബി ഐ അടക്കമുള്ള വിവിധ കേന്ദ്ര ഏജന്‍സികള്‍ ചേര്‍ന്നാണ് കേസന്വേഷിക്കുന്നത്.