Ongoing News
കേരളോത്സവം ഗ്രാമീണ യുവത്വത്തിന്റെ സര്‍ഗാത്മക വേദി: സ്പീക്കര്‍

തിരുവനന്തപുരം: കേരളത്തിലെ ഗ്രാമീണ യുവത്വത്തിന്റെ സര്‍ഗാത്മക വേദിയാണ് കേരളോത്സവ മത്സരങ്ങളെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. ഇരുപത്തിയേഴാമത് സംസ്ഥാന കേരളോത്സവം തിരുവനന്തപുരം അരുവിക്കര ഡാം സൈറ്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി-മത ചിന്തകള്‍ക്കതീതമായി കലയുടെ കീഴില്‍ യുവത്വത്തെ ഒരുമിച്ച് നിര്‍ത്താന്‍ കഴിയുന്നതാണ് കേരളോത്സവത്തിന്റെ ശക്തി. നാളെയുടെ നല്ല നാളുകളിലേക്കാണ് ഇത്തരം വേദികള്‍ നമ്മെ നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിര്‍വരമ്പുകളില്ലാത്ത കൂട്ടായ്മയാണ് കേരളോത്സവമെന്നും മാതൃഭാഷ കൂടുതല്‍ അനുഭവവേദ്യമാകുന്നതിന് ഇത്തരം മേളകള്‍ വഴിയൊരുക്കുമെന്നും ചടങ്ങില്‍ പങ്കെടുത്ത പാലോട് രവി എം എല്‍ എ പറഞ്ഞു.
കാഴ്ച വൈകല്യമുളളവരുടെ ലോകകപ്പ് ക്രിക്കറ്റില്‍ വിജയിച്ച ഇന്ത്യന്‍ ടീമിലെ അംഗം യു പി. വിഷ്ണുവിനെയും, സൈക്ലിംഗില്‍ ദേശീയ അംഗീകാരം ലഭിച്ച ബിസ്മിയെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസല്‍ അധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി എസ് പ്രശാന്ത്, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എ എ ഹക്കീം, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാജോര്‍ജ്്, യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ ഷിയാലി തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളോത്സവം ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായിക റിമിടോമിയും സംഘവും അവതരിപ്പിച്ച സംഗീത വിരുന്ന് കാണികളെ ആവേശം കൊള്ളിച്ചു. കേരളോത്സവം കലാമത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ നാല്‍പ്പത് പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഇരുപത്തിയൊമ്പത് പോയിന്റുമായി കോഴിക്കോടും ഇരുപത് പോയിന്റുമായി തൃശ്ശൂരും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ മുന്നേറുകയാണ്.