അധ്യാപകബേങ്ക് രൂപവത്കരണത്തിനും തസ്തിക നിര്‍ണത്തിനും മാര്‍ഗനിര്‍ദേശമായി

Posted on: December 29, 2014 12:33 am | Last updated: December 29, 2014 at 12:33 am

തേഞ്ഞിപ്പലം: സംസ്ഥാനത്തെ സ്‌കൂളുകളിലെ അധ്യാപക ബേങ്ക് രൂപവത്കരണവും തസ്തിക നിര്‍ണയവും സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. സംസ്ഥാനത്തെ എയ്ഡഡ് സകൂള്‍ മാനേജ്‌മെന്റും സംസ്ഥാന സര്‍ക്കാറും തമ്മില്‍ ഏറെ നാളായി നീണ്ടുനിന്നിരുന്ന സകൂള്‍ അധ്യാപക തസ്തിക നിര്‍ണയവും അധ്യാപക ബാങ്ക് രൂപവത്കരണവും സംബന്ധിച്ചുളള പ്രശ്‌നങ്ങള്‍ക്ക് ഇതോടെ പരിഹാരമായി.
ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് 2011 ഒക്‌ടോബര്‍ മാസത്തില്‍ സംസ്ഥാനത്തെ എയ്ഡഡ് അധ്യാപകരുടെ ശാസ്ത്രീയമായ നിയമനവും പുനര്‍വ്യന്യാസവും നടപ്പിലാക്കുന്നതിനായി പുതിയ അധ്യാപക പാക്കേജ് നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനമായി ഉത്തരവിറക്കിയത്. എന്നാല്‍, സംസ്ഥാനത്തെ എയ്ഡഡ് സകൂള്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാറിന്റെ അധ്യാപക ബേങ്ക് രൂപ വത്കരണത്തിന്നെതിരെയും തസ്തിക നിര്‍ണയത്തിന്നെതിരെയും കരുക്കള്‍ നീക്കുകയായിരുന്നു.
അധ്യാപക -വിദ്യാര്‍ഥി അനുപാതത്തില്‍ അധ്യാപക പാക്കേജ് നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ നിരവധി നിയമനാഗീകാരം നേടിയ എയ്ഡഡ് അധ്യാപകര്‍ ജോലി നഷ്ടപ്പെടുമെന്ന സാഹചര്യവും മാനേജ്‌മെന്റുകള്‍ നിയമന സമയത്ത് വാങ്ങിയ കോഴകള്‍ നഷ്ടപ്പെടുമെന്ന സാഹചര്യം ഉടലെടുത്തതോടെയാണ് അധ്യാപകരെ സംരക്ഷിക്കുന്നതിനുളള അധ്യാപക ബേങ്ക് രൂപവത്കരണവുമായി സര്‍ക്കാര്‍ രംഗത്ത് വന്നത്. തുടര്‍ന്ന് 2010-11 വര്‍ഷത്തെ തസ്തിക നിര്‍ണയം തന്നെ അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഇത് തുടരാനും തീരുമാനിക്കുകയായിരുന്നു.എന്നാല്‍ 2010-11 വര്‍ഷം തസ്തികകളില്‍ നിയമനാംഗീകാരത്തോടെ തുടരുന്നവരും 2011 മാര്‍ച്ച് മാസം വരെ നിയമനം ലഭിച്ച അധ്യാപകരില്‍ 2014-15 വര്‍ഷത്തില്‍ തസ്തിക നിര്‍ണയം നടത്തുമ്പോള്‍ അധികമായി വരുന്ന അധ്യാപകരെ അധ്യാപക വിദ്യാര്‍ഥി അനുപാതം കുറച്ച് നിലനിര്‍ത്താനും അതിനുശേഷം അധ്യാപകര്‍ അധികമായി വരുന്നുണ്ടെങ്കില്‍ അവരെ ഉള്‍പെടുത്തി ഒരു അധ്യാപക ബേങ്ക് രൂപവത്കരിക്കുന്നതാണെന്നും അധ്യാപക ബേങ്കിന്റെ രൂപവും പ്രവര്‍ത്തനവും സംബന്ധിച്ച് പൂര്‍ണമായുളള വിവരങ്ങള്‍ അടുത്ത ഉത്തരവില്‍ വ്യക്തമാക്കുന്നതാണെന്ന് 2013 നവംബറിലും 2014 ജൂലൈ മാസത്തിലും പുറത്തിറക്കിയ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു.
അതേസമയം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അധ്യാപക പാക്കേജിലെ പ്രധാനമാര്‍ഗ നിര്‍ദേശങ്ങളില്‍ 2011 ലെ അധ്യാപക തസ്തിക നിര്‍ണയത്തെ അടിസ്ഥാനമാക്കിയുളള ഡിവിഷനുകളും തസ്തികകളുമാണ് അധ്യാപക പാക്കേജിന്റെ മാനദണ്ഡം. യു ഐ ഡി അനുസരിച്ചുളള തസ്തിക നിര്‍ണയത്തില്‍ ഡിവിഷനുകളും തസ്തികകളും 2010-11 ലെ തസ്തിക നിര്‍ണയെത്തേക്കാള്‍ കുറവാണെങ്കില്‍ 2014-15 വര്‍ഷത്തെ തസ്തിക നിര്‍ണയത്തെ അടിസ്ഥാനമാക്കിയുളള ഡിവിഷനുകളും തസ്തികകളുമാണ് പരിഗണിക്കുക. ഇത്തരം സാഹചര്യത്തില്‍ മറ്റെരവകാശവും മാനേജ്‌മെന്റ് ഉന്നയിക്കാന്‍ പാടില്ല.ഇതിന്‍മേല്‍ അധികമായി വരുന്ന അധ്യപകരുടെ കണക്കുകള്‍ പൊതുവിദ്യാസ ഡയറക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
കൂടാതെ നിയമനാംഗീകാരത്തിന്റെ തിയതിയും ജനനതിയതിയും വിദ്യാഭ്യാസ യോഗ്യതയും മാനേജര്‍ നടത്തിയ നിയമനത്തിന്റെ ചട്ട പ്രകാരമുളള നിയമ സാധുതയും ഡിപിഐ പരിശോധിക്കണം. അതേസമയം യു ഐ ഡി പ്രകാരം 2014-15 വര്‍ഷം തസ്തിക നിര്‍ണയത്തില്‍ ഡിവിഷനുകളും തസ്തികകളും നിര്‍ണയിക്കുമ്പോള്‍ 2010-11 ലെ തസ്തിക നിര്‍ണയെത്തെക്കാള്‍ കൂടുതലാണെങ്കില്‍ ഡിവിഷനുകളും തസ്തികകളും അനുവദിക്കുന്നത് സര്‍ക്കാര്‍ തലത്തിലായിരിക്കും.കെഇആര്‍ ചട്ട പ്രകാരം 1:45 അനുപാതത്തില്‍ തന്നെ തസ്തിക നിര്‍ണ്ണയം നടത്തണമെന്നതാണ് സര്‍ക്കാര്‍ നയം.
എന്നാല്‍ റിട്ടയര്‍മെന്റ് ,മരണം ,രാജി ,പ്രമോഷന്‍ എന്നീ ഒഴിവുകളില്‍ മാനേജര്‍മാര്‍ 2013 ല്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് 1:45 അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമല്ലാത്ത അവസ്ഥ വരുമ്പോള്‍ ഒന്ന് മുതല്‍ നാല് ക്ലാസുകളിലെ കുട്ടികളുടെ അനുപാതം 1:30 ഉം ,അഞ്ച് മുതല്‍ പത്ത് വരെക്ലാസുകളിലെ കുട്ടികളുടെ അനുപാതം 1:35 അദ്ധ്യപക -വിദ്യാര്‍ത്ഥി അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമെങ്കില്‍ അംഗീകരിക്കാവുന്നതാണ്.നിബന്ധനക്ക് വിധേയമായി പ്രത്യേക നടപടിയെന്ന നിലയില്‍ ഒറ്റ തവണ മാത്രമേ ഈ ആനുകൂല്യം നല്‍കുക.എന്നാല്‍ അവധിയിലോ ഡപ്പ്യൂട്ടേഷന്‍ വ്വസ്ഥയിലോ വരുന്ന ഒവിവുകള്‍ നികത്തുന്നത് അദ്ധ്യപക ബാങ്ക് വഴിയായിരിക്കും.
അവധി വഴിയുളള ഒഴിവുകളില്‍ അധ്യാപക ബാങ്ക് വഴി നികത്തുമ്പോള്‍ നികത്തുന്ന ഒഴിവുകള്‍ അംഗീകൃത തസ്തികകളാണോയെന്ന് എഇഒ/ഡിഇഒ യോ പരിശോധിക്കുന്നതാണ്.അദ്ധ്യാപക ബാങ്കില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ അദ്ധ്യാപകന് സീനിയോറിറ്റി അനുസരിച്ച് ഒഴിവുകള്‍ വരുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളിലേക്കും എയ്ഡഡ് സ്‌കൂളിലെ അധ്യാപകരെ എയ്ഡഡ് സകൂളിലേക്കും പ്രവേശിക്കുന്നതിനും പിന്നീട് മാതൃ സ്‌കൂളില്‍ ഒഴിവ് വരുമ്പോള്‍ തിരിച്ച് പ്രവേശിക്കുന്നതിമുളള സൗകര്യം നിലനിര്‍ത്തുന്ന തരത്തിലാണ് അദ്ധ്യപക ബാങ്കിന്റെ ഘടന.എയിഡഡ് സകൂളിലെ അദ്ധ്യപകന്‍ അദ്ധ്യപക ബാങ്കിലുള്‍പ്പെട്ടെങ്കില്‍ പ്രസ്തുത സ്‌കൂളില്‍ വരുന്ന റിട്ടയര്‍മെന്റ് ,മരണം, രാജി ,പ്രെമോഷന്‍ ,സ്ഥലംമാറ്റം ഡെപ്പ്യൂട്ടേഷന്‍ ഒഴിവുകളിലേക്കുളള നിയമനം അദ്ധ്യാപക ബാങ്കില്‍ നിന്നായിരിക്കും.
സര്‍ക്കാര്‍ സ്‌കൂളില്‍ വരുന്ന ഒഴിവുകളില്‍ ജില്ലാ അടിസ്ഥാനത്തിലുളള അധ്യാപക ബേങ്കില്‍ അധ്യാപരില്ലെങ്കില്‍ മാത്രമേ പി എ സിക്ക് ഒഴിവ് റിപ്പോര്‍ട്ട്‌ചെയ്യുക. തുടങ്ങിയവയാണ് മാര്‍ഗ നിര്‍ദേശങ്ങളിലുള്ളത്.