അസമില്‍ ബോഡോ തീവ്രവാദികള്‍ക്കെതിരെ സൈനിക നടപടി

Posted on: December 26, 2014 1:42 pm | Last updated: December 27, 2014 at 9:21 am

assam-villagersന്യൂഡല്‍ഹി: അസമില്‍ ബോഡോ തീവ്രവാദികളെ നേരിടാന്‍ സംയുക്ത സൈനിക നടപടി തുടങ്ങി. ബോഡോ ലാന്‍ഡ് തീവ്രവാദികളുടെ ആക്രമണമുണ്ടായ അസമിലെ സോനിത്പൂര്‍, കൊക്രജാര്‍ എന്നീ പ്രദേശങ്ങളില്‍ ഇപ്പോഴും തീവ്രവാദി സാന്നിധ്യം ശക്തമാണ്. ഇവരെ തുരത്താനായി ഓപറേഷന്‍ ആള്‍ ഔട്ട് എന്ന പേരില്‍ ശക്തമായ സൈനിക നീക്കം നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. കരസേനക്കൊപ്പം സംസ്ഥാന പോലീസ്, സി ആര്‍ പി എഫ്, അസം റൈഫിള്‍സ് എന്നീ നാല് സേനകളെയും ഉള്‍പ്പെടുത്തിയാണ് സംയുക്ത നീക്കം.
അതിനിടെ പല പ്രദേശങ്ങളിലും രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ചിരാംഗ് ജില്ലയില്‍ സൈന്യവും ബോഡോ ലാന്‍ഡ് തീവ്രവാദികളും തമ്മില്‍ വീണ്ടും ശക്തമായ ഏറ്റുമുട്ടല്‍ നടന്നു. നേരത്തെ ഇവിടെയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇന്തോ- ഭൂട്ടാന്‍ അതിര്‍ത്തിപ്രദേശമായ കൊക്രജാറില്‍ ഗ്രനേഡ് സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് സ്ഥലത്തെത്തിയ സൈന്യത്തിനു നേരെ ബോഡോ തീവ്രവാദികള്‍ വെടിയുതിര്‍ത്തു.
അതിര്‍ത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും കരസേനാ മേധാവി ധല്‍ബീര്‍ സിംഗ് സുഹാഗും ചര്‍ച്ച നടത്തി. അസമില്‍ സൈനിക വിന്യാസം ശക്തമാക്കാന്‍ തീരുമാനിച്ചതായി കരസേനാ മേധാവി വ്യക്തമാക്കി. ഇതനുസരിച്ച് 9000 സൈനികരെയും അര്‍ധസൈനികവിഭാഗങ്ങളെയും അസാം- അരുണാചല്‍ പ്രദേശ് അതിര്‍ത്തികളില്‍ വിന്യസിച്ചു. സോനിപ്പൂരിലാണ് ഇപ്പോള്‍ ഫുള്‍ കമാന്‍ഡന്റിനെ നിയമിച്ചിരിക്കുന്നത്. സാധാരണക്കാരുടെ സുരക്ഷാ ചുമതല അസം പോലീസിനാണ്. മൂന്ന് യൂനിറ്റ് അസം റൈഫിള്‍സ് സേനാംഗങ്ങളെയും 20 കോബ്രാ കമ്പനികളെയും വിന്യസിച്ചിട്ടുണ്ട്. തീവ്രവാദികളെ നേരിടാന്‍ പ്രത്യേക ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കി. തീവ്രവാദികള്‍ മ്യാന്‍മാറിലേക്കും ബംഗ്ലാദേശിലേക്കും രക്ഷപ്പെടുന്നത് ചെറുക്കാനാണിത്. അരുണാചല്‍, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ സൈനിക വിന്യാസം ശക്തമാക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായതായി സൈനിക മേധാവി വ്യക്തമാക്കി. അതിനിടെ, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നടത്തിയ സംഭാഷണത്തില്‍, തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാണെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ അറിയിച്ചു. മ്യാന്മര്‍ തീവ്രവാദികളെ തുടച്ചുനീക്കുന്നത് സംബന്ധിച്ച് ഉറപ്പ് നല്‍കിയിട്ടുണ്ട്. തീവ്രവാദികളെ സമയബന്ധിതമായി വേരോടെ പിഴുതെടുക്കുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. കൂട്ടക്കൊലയില്‍ ശക്തമായ പ്രതിഷേധമാണ് മേഖലയില്‍ നടക്കുന്നത്. വിവിധ രാഷ്ട്രീയ കക്ഷികള്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് പൂര്‍ണമായിരുന്നു. ആദിവാസി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ എ എസ് എ), ആള്‍ അസാം ടി ട്രൈബ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍( എ എ ടി ടി എസ് എ) തുടങ്ങിയവരാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ചിലയിടങ്ങളില്‍ ബന്ദ് അനുകൂലികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഗാപൂര്‍, സോനിത് പൂര്‍ ജില്ലകളില്‍ മൂന്ന് പോലീസുകാര്‍ക്ക് കല്ലേറില്‍ പരുക്കേറ്റു. പോലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. വിവിധ ഗോത്ര വിഭാഗക്കാര്‍ 15 ദേശീയ പാതകള്‍ ഉപരോധിച്ചു. ടയറുകള്‍ കത്തിച്ചും മറ്റുമായിരുന്നു പ്രതിഷേധം. അതേസമയം, ബോഡോ തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ഇന്ന് ബംഗാളിലെ ആറ് വടക്കന്‍ ജില്ലകളില്‍ ഗോത്ര സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു. അതിനിടെ ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം എണ്‍പതായി ഉയര്‍ന്നിട്ടുണ്ട്. നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എന്‍ ഡി എഫ് ബി) സോംഗ്ബിജിത് ഘടകത്തിലെ സായുധ വിഭാഗമാണ് ആക്രമണം നടത്തിയത്.