Connect with us

Palakkad

പട്ടികജാതി ക്ഷേമത്തിന് ഊന്നല്‍ നല്‍കി ഒറ്റപ്പാലം ബ്ലോക്ക്

Published

|

Last Updated

ഒറ്റപ്പാലം:പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ഏറെയുള്ള ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് കോളനികളിലെഅടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കന്നു. നാലുവര്‍ഷത്തിനകം പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങളള്‍ക്ക് കോടിക്കണക്കിനു രൂപയാണ് ചെലവഴിച്ചത്. പട്ടികജാതി കോളനികളിലെ അടിസ്ഥാന വികസന സൗകര്യത്തിനായി പിന്നാക്ക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന ബാക്ക്‌വേഡ് റീജിയന്‍സ് ഗ്രാന്റ് ഫണ്ടും (ബി ആര്‍ ജി എഫ്) പ്ലാന്‍ ഫണ്ടും ഉപയോഗിച്ച് ഇതുവരെ 63 പദ്ധതികളാണ് നടപ്പാക്കിയത്. ബി.ആര്‍. ജി ഫണ്ടില്‍ നിന്ന് 45 ലക്ഷം രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയുമാണ് വിവിധ പദ്ധതികള്‍ക്കായി വിനിയോഗിച്ചത്.
യാത്രാ ക്ലേശം മൂലം ബുദ്ധിമുട്ടിയിരുന്ന കോളനി നിവാസികള്‍ക്ക് ആശ്വാസമായി രണ്ടേകാല്‍ കോടി രൂപയോളം ചെലവഴിച്ച് 61 കോളനി റോഡുകള്‍ നിര്‍മ്മിച്ചു. പട്ടിക ജാതിക്കാര്‍ക്ക് വീടും സ്ഥലവും ലഭ്യമാക്കാനും കക്കൂസ്, കുളിമുറി എന്നിവ നിര്‍മ്മിക്കാനുമുള്ള ധനസഹായവും യുവജനങ്ങള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ ഓട്ടോറിക്ഷ പരിശീലനവും ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കി വരുന്നു. പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് വാണിയംകുളത്ത് ഒരു പ്രീ മെട്രിക് ഹോസ്റ്റല്‍ നടത്തുന്നുണ്ട്.
ഇവിടേക്ക് മേശ, കസേര, അലമാര തുടങ്ങി ആവശ്യമായ എല്ലാ സംവിധാനങ്ങളും എത്തിക്കാനുള്ള ശ്രമത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍.
ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു വരുന്ന ഇവിടെ ഇപ്പോള്‍ ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ കൂടി നിര്‍മ്മിക്കാന്‍ അധികൃതര്‍ക്ക് പദ്ധതിയുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഗൗരി ടീച്ചറുടെ നേതൃത്വത്തിലാണ് നാലുവര്‍ഷമായി വികസന പദ്ധതികള്‍ നടപ്പാക്കിവരുന്നത്.