തീവ്രവാദമല്ല, തീവ്ര സ്‌നേഹമാണ് നബിചര്യ: ഖലീല്‍ തങ്ങള്‍

Posted on: December 24, 2014 10:51 am | Last updated: December 24, 2014 at 10:51 am

khaleel thangal 3പരപ്പനങ്ങാടി: ലോക സമാധാനത്തിന്റെ ഇസ്‌ലാമിക മാര്‍ഗം തീവ്രവാദത്തിന് പകരം തീവ്രസ്‌നേഹമാണെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി കടലുണ്ടി പറഞ്ഞു.
റസൂലുല്ലാഹിയെ പരിചയപ്പെടുക എന്ന പ്രമേയത്തില്‍ പന്ത്രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ചിറമംഗലം സിന്‍സിയര്‍ സ്വീറ്റ് മീലാദ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഭാഷണ പരമ്പര, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ആഭിമുഖ്യത്തില്‍ 31ന് നടക്കുന്ന ട്രാഫിക് ബോധവത്കരണ ട്രൈനിംഗ്, 28,30 തീയതികളില്‍ നടക്കുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്, ആസ്ത്മ, അലര്‍ജി മെഡിക്കല്‍ ക്യാമ്പ്, സ്‌നേഹ സന്ദേശ റാലി, സ്വീറ്റ് നൈറ്റ് തുടങ്ങിയ ഇരുപതിനം പരിപാടികളാണ് സ്വീറ്റ് മീലാദിലുള്‍പ്പെടുന്നത്.
സിന്‍സിയര്‍ ചെയര്‍മാന്‍ സയ്യിദ് ഹബീബുര്‍റഹ്മാന്‍ അല്‍ ബുഖാരി കടലുണ്ടി പ്രാരംഭ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് ഇംറാന്‍ കണ്ണാശുപത്രി ചെമ്മാടും സി ആര്‍ എം ഹോസ്പിറ്റല്‍ തിരൂരും നേതൃത്വം നല്‍കും. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് പുലര്‍ച്ചെ നടക്കുന്ന സ്വീറ്റ് മീലാദ് സമാപന പരിപാടിയില്‍ ആയിരങ്ങള്‍ സംബന്ധിക്കുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ താജുദ്ദീന്‍ നിസാമി പറഞ്ഞു.