Kerala
കാര്യവട്ടത്തെ ട്വന്റി-20 മത്സരത്തിനിടെ കുപ്പിവെള്ളത്തിന് അമിത വില; ഖേദം പ്രകടിപ്പിച്ച് കെസിഎ
കാണികൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദം രേഖപ്പെടുത്തിയ കെസിഎ, സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി.
തിരുവനന്തപുരം| ഇന്ത്യ–ന്യൂസിലാൻഡ് ട്വന്റി–20 മത്സരത്തിനിടെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കുപ്പിവെള്ളത്തിന് അമിതവില ഈടാക്കിയ സംഭവം പരിശോധിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). കാണികൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദം രേഖപ്പെടുത്തിയ കെസിഎ, സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി.
സ്റ്റേഡിയത്തിനുള്ളിൽ നിശ്ചയിച്ചതിനേക്കാൾ പലമടങ്ങ് അധികം വില കച്ചവടക്കാർ ഈടാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 10 രൂപയ്ക്ക് വിൽക്കേണ്ട കുപ്പിവെള്ളം 100 രൂപയ്ക്കും, 20 രൂപ വിലയുള്ള വെള്ളം 200 രൂപയ്ക്കുമാണ് വിറ്റതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് സ്റ്റേഡിയത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.
വിഷയം ഗൗരവതരമാണെന്ന് കെസിഎ വിലയിരുത്തി. അന്താരാഷ്ട്ര മത്സരങ്ങളിൽ പാനീയങ്ങളുടെ സ്പോൺസറെ ബിസിസിഐയാണ് നിശ്ചയിക്കുന്നതെന്നും, ബിസിസിഐ നിർദേശിച്ച കരാർ വ്യവസ്ഥകൾ പ്രകാരം വില കൃത്യമായി നിശ്ചയിച്ചിരുന്നെന്നും കെസിഎ വ്യക്തമാക്കി.
കരാർ പ്രകാരം 200 മില്ലിലിറ്റർ കുടിവെള്ളത്തിന് 10 രൂപയും, 250 മില്ലിലിറ്റർ ജ്യൂസ് ഉൾപ്പെടെയുള്ള പാനീയങ്ങൾക്ക് 50 രൂപയുമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ വിലനിർദേശങ്ങൾ കരാറുകാർ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെസിഎ അറിയിച്ചു.



