Connect with us

Ongoing News

പരിശീലനത്തിനിടെ വാട്‌സന്റെ തലയില്‍ പന്തുകൊണ്ടു

Published

|

Last Updated

മെല്‍ബണ്‍: അപകടങ്ങള്‍ വിട്ടൊഴിയാതെ ക്രിക്കറ്റ് മൈതാനം. ഇത്തവണ ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഷെയ്ന്‍ വാട്‌സന്റെ തലക്കാണ് പന്തുകൊണ്ടത്. പന്ത് കൊണ്ട് നിലത്ത് വീണങ്കിലും ഹെല്‍മെറ്റുണ്ടായിരുന്നതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ത്യക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ മുന്നോടിയായുള്ള പരിശീലനത്തിനിടെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സംഭവം.
ഓസീസ് പേസ് ബൗളര്‍ ജെയിംസ് പാറ്റിന്‍സണ്‍ എറിഞ്ഞ ബൗണ്‍സര്‍ വാട്‌സന്റെ തലയില്‍ പതിക്കുകയായിരുന്നു. ഏറുകൊണ്ട് നിലത്ത് വീണ വാട്‌സന്‍ പിന്നീട് ഹെല്‍മെറ്റ് അഴിച്ച് നെറ്റ്‌സില്‍ പരിശീലനം റദ്ദാക്കി മടങ്ങുകയായിരുന്നു. വാട്‌സന്റെ തലയില്‍ പന്തുകൊണ്ടുവെന്നും പരുക്കേറ്റിട്ടില്ലെന്നും ക്രിക്കറ്റ് ആസ്‌ത്രേലിയ അധികൃതര്‍ അറിയിച്ചു.
ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫിലിപ്പ് ഹ്യൂസ് ആഭ്യന്തര മത്സരത്തിനിടെ പന്ത് തലയില്‍ കൊണ്ടു മരിച്ച് ഒരു മാസം തികയും മുന്‍പാണ് മറ്റൊരു അപകടം കൂടിയുണ്ടായത്. സീന്‍ അബോട്ടിന്റെ ബൗണ്‍സര്‍ തലയില്‍ പതിച്ചാണ് ഹ്യൂസ് മരണത്തിന് കീഴടങ്ങിയത്. നേരത്തെ ആസ്‌ത്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ മിച്ചല്‍ ജോണ്‍സന്റെ പന്ത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലിയുടെ തലയില്‍ പതിച്ചിരുന്നു. അപ്പൊഴും ഹെല്‍മറ്റാണ് കോഹ്‌ലിക്കും രക്ഷയായത്. മോശം ഫോമില്‍ തുടരുന്ന വാട്‌സണ്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ പാടുപെടുന്നതിനിടെയാണ് പുതിയ സംഭവം. ഈ മാസം 26നാണ് ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ആരംഭിക്കുന്നത്. വാട്‌സണ്‍ കളിച്ചേക്കുമെന്നാണ് സൂചന.