Kollam
മൊബൈലിലൂടെ പരിചയപ്പെട്ട് വിവാഹത്തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലം സ്വദേശിയായ പെണ്‍കുട്ടിയുമായി മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയും വിവാഹ വാഗ്ദാനം നല്‍കി അവിശുദ്ധ ബന്ധത്തിലേര്‍പ്പെടുകയും ചെയ്ത മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മലപ്പുറം ചെമ്മാട് കൊടിഞ്ഞി സെന്‍ട്രല്‍ ബസാറിന് സമീപം കുന്നത്തേരി ഹൗസില്‍ ഉസ്മാന്‍ (27)നെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: 2010ലാണ് കൊല്ലത്തുള്ള 25 കാരിയായ പെണ്‍കുട്ടിയുമായി ഫോണിലൂടെ ഇയാള്‍ പരിചയത്തിലാകുന്നത്. പേര് മഹേഷ് ആണെന്നും കോഴിക്കോടാണ് സ്ഥലമെന്നുമാണ് പറഞ്ഞത്. തുടര്‍ന്ന് വിവാഹം വാഗ്ദാനം നല്‍കി പെണ്‍കുട്ടിയ 2010 നവംബറില്‍ കൊല്ലം റെയില്‍ വെസ്റ്റേഷനില്‍ വരുത്തി ചെന്നൈക്ക് കൊണ്ടുപോയി. പിന്നീട് ചെന്നൈയിലുള്ള അഡയാര്‍ ദുര്‍ഗാ അമ്മന്‍ ക്ഷേത്രത്തില്‍ വെച്ച് താലികെട്ടി മേട്ടുക്കുപ്പം എന്ന സ്ഥലത്ത് താമസിച്ച് വരുന്നതിനിടയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരും ഇരുവരോടും സഹകരിച്ചു. തുടര്‍ന്ന് പലപ്പോഴും കൊല്ലത്ത് പെണ്‍കുട്ടിയുടെ വീട്ടിലും ഇവര്‍ താമസിക്കാനെത്തിയിരുന്നു.
നാല് വര്‍ഷമായി തുടരുന്ന ഈ ബന്ധത്തിനിടയില്‍ ഇവര്‍ക്ക് മൂന്ന് കുട്ടികള്‍ ഉണ്ടായി. ഇതിനിടയില്‍ ഉസ്മാന്റെ സഹോദരിയുടെ വിവാഹാവശ്യത്തിനാണെന്നും പറഞ്ഞ് പെണ്‍കുട്ടി അണിഞ്ഞിരുന്ന സ്വര്‍ണമാലയും, താലിയും, മോതിരവും കമ്മലും ഉള്‍പ്പടെയുള്ള എല്ലാ സ്വര്‍ണാഭരണങ്ങളും വാങ്ങി കൊണ്ടുപോയും, പെണ്‍കുട്ടിയുടെ സഹോദരനില്‍ നിന്നും 50,000 രൂപ വാങ്ങിക്കുകയും ചെയ്തു. ശേഷം യുവതിയുമായുള്ള ബന്ധം മറച്ചുവച്ച് 2013 മാര്‍ച്ചില്‍ മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ 19 വയസുകാരിയെ വിവാഹം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് ചെന്നൈയിലും, മലപ്പുറത്തും മാറിമാറി താമസിച്ചുരികയായിരുന്ന ഇയാളുടെ രണ്ടാം വിവാഹത്തെപ്പറ്റി അറിഞ്ഞ കൊല്ലം സ്വദേശിയായ പെണ്‍കുട്ടി ഈസ്റ്റ് പോലീസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഉസ്മാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഈസ്റ്റ് സി ഐ. എസ് ശരീഫിന്റെ നേതൃത്വത്തില്‍ എസ് ഐ. എസ് ജയകൃഷ്ണന്‍, ഗ്രേഡ് എസ് ഐ പ്രകാശന്‍, സി പി ഒ പ്രദീപ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.