Connect with us

International

യുദ്ധക്കുറ്റം: ബംഗ്ലാദേശില്‍ മുന്‍ മന്ത്രിക്ക് വധശിക്ഷ

Published

|

Last Updated

ധാക്ക : 1971ല്‍ പാക്കിസ്ഥാനെതിരായി നടന്ന സ്വാതന്ത്ര്യ സമരകാലത്ത് രാജ്യത്ത് നടന്ന ബലാത്സംഗം, കൂട്ടക്കുരുതി എന്നീ കുറ്റങ്ങള്‍ക്ക് മുന്‍ മന്ത്രിയായിരുന്ന സയ്യിദ് മുഹമ്മദ് കൈസറിന് ബംഗ്ലാദേശ് യുദ്ധക്കുറ്റ കോടതി വധശിക്ഷ വിധിച്ചു. അന്താരാഷ്ട്ര യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ ശിക്ഷ വിധിക്കുന്ന 15ാമത്തെ ആളാണ് കൈസര്‍. ഒമ്പത് മാസം നീണ്ടുനിന്ന സംഘര്‍ഷത്തിനിടെ 150 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സായുധ സംഘത്തിന് നേതൃത്വം നല്‍കിയെന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്. 73 കാരനായ കൈസര്‍ വീല്‍ചെയറിലാണ് കോടതിയിലെത്തിയത്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കൈസറിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഷേക്ക് ഹസീനയുടെ സര്‍ക്കാര്‍ 2010 ലാണ് യുദ്ധക്കുറ്റ കോടതി സ്ഥാപിച്ചത്. ഇസ്‌ലാമിസ്റ്റ് പാര്‍ട്ടി, ജമാഅത്തെ ഇസ്‌ലാമി നേതാക്കളെയാണ് പ്രധാനമായും കോടതി വിചാരണ നടത്തിയത്. പ്രധാനപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ മന്ത്രിയെയും ഇതേ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. കൈസറിന്റെ നേതൃത്വത്തിലുള്ള പാക് അനുകൂല സായുധ സംഘം രാജ്യത്ത് കൊലപാതക, ബലാത്സംഗ പരമ്പരകള്‍ നടത്തിയെന്നും കൊള്ള നടത്തിയെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. കൈസറിനെതിരായ കുറ്റം നിസ്സംശയം തെളിയിക്കാന്‍ പ്രോസിക്യൂഷനായെന്ന് ജഡ്ജി ഒബൈദുല്‍ ഹസ്സന്‍ പറഞ്ഞു. കൈസറിന്റെ സായുധ സംഘം പാക് സേനയുമായി ചേര്‍ന്ന് 1971 നവംബര്‍ 15ന് ഇന്ത്യന്‍ അതിര്‍ത്തിയിലെ ബ്രഹ്മാന്‍ബാരിയ മേഖലയിലെ 22 ഗ്രാമങ്ങള്‍ ആക്രമിച്ചുവെന്നും ഇതില്‍ നിരായുധരായ 108 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടുവെന്നും ഇവരുടെ വീടുകള്‍ കൊള്ളയടിച്ചുവെന്നും പ്രോസിക്യൂട്ടര്‍ മുഹമ്മദ് അലി കോടതിയില്‍ വാദിച്ചു. 1980കളില്‍ മധ്യ-വലത് ജാതിയ പാര്‍ട്ടിയില്‍ ചേര്‍ന്ന കൈസര്‍ പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ സൈനിക ഭരണാധികാരി ഹുസൈന്‍ മുഹമ്മദ് ഇര്‍ഷാദിന്റെ ഭരണകാലത്ത് കൃഷി വകുപ്പ് മന്ത്രിയായിരുന്നു കൈസര്‍.

Latest