ദേശീയ കയര്‍ നയം ഒരു മാസത്തിനകം പ്രഖ്യാപിക്കുമെന്ന് കല്‍രാജ് മിശ്ര

Posted on: December 22, 2014 12:01 am | Last updated: December 22, 2014 at 12:07 am

kayarആലപ്പുഴ: കയര്‍മേഖലയുടെ വികസനത്തിനുള്ള ദേശീയ കയര്‍ നയവും ‘വിഷന്‍ 2025’ ഉം ഒരു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കാനായേക്കുമെന്ന് കേന്ദ്ര എം എസ് എം ഇ മന്ത്രി കല്‍രാജ് മിശ്ര പറഞ്ഞു.
കലവൂര്‍ കയര്‍ബോര്‍ഡ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ പുതിയ കയര്‍ യന്ത്രങ്ങളുടെയും ഉത്പന്നങ്ങളുടെയും സാങ്കേതികവിദ്യാകൈമാറ്റത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കയര്‍ബോര്‍ഡ് തയാറാക്കിയ കയര്‍ നയത്തിന്റെ കരട് മന്ത്രിസഭയുടെ പരിഗണനയിലാണ്.സംസ്ഥാന സര്‍ക്കാറുകള്‍, തൊഴിലാളി യൂനിയനുകള്‍, വ്യവസായികള്‍, ധനകാര്യസ്ഥാപനങ്ങള്‍, വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച നടത്തി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായും.
തൊണ്ടിന്റെ ഫലപ്രദമായ വിനിയോഗം, അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി, ചകിരി, കയര്‍ ഉത്പന്നങ്ങളുടെ വികസനവും വൈവിധ്യവത്കരണവും, തൊഴില്‍ സൃഷ്ടിക്കല്‍, തൊഴിലാളികളുടെ ക്ഷേമം, മേഖലയുടെ സുസ്ഥിരമായ നിലനില്‍പ്പ് എന്നിവയൊക്കെ പ്രതിപാദിക്കുന്നതായിരിക്കും കയര്‍ നയം.കയര്‍ മേഖലയുടെ സര്‍വതോന്മുഖ വികസനമാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
വൈദഗ്ധ്യ നിലവാരമുയര്‍ത്തല്‍, അടിസ്ഥാന സൗകര്യവികസനം, ഉത്പ്പന്ന വൈവിധ്യവല്‍ക്കരണം എന്നിവയിലൂടെ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ പത്തുലക്ഷം തൊഴിലവസരം സൃഷ്ടിക്കാനുള്ള നടപടികളെടുക്കാന്‍ കയര്‍ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് കേരളം നേരിടുന്ന പ്രശ്‌നം.
ഇവ ഇറക്കുമതി ചെയ്യേണ്ടിവരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.