വീണ്ടും ആകാശ വിജയം

Posted on: December 21, 2014 11:44 pm | Last updated: December 21, 2014 at 11:44 pm

ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാനം ഒരിക്കല്‍ വാനോളം ഉയര്‍ന്നിരിക്കുന്നു. തദ്ദേശീയമായി നിര്‍മിച്ച വിക്ഷേപണ വാഹനമായ ജി എസ് എല്‍ വി മാര്‍ക്ക് മൂന്നിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായതോടെ ഇരട്ട നേട്ടങ്ങളാണ് രാജ്യം കൈവരിച്ചത്. കൂടുതല്‍ ഭാരവാഹകശേഷിയുള്ളതും കൃത്യതയുള്ളതുമായ പുതിയൊരു വിക്ഷേപണ വാഹനം വികസിപ്പിച്ചെടുക്കുന്നതില്‍ പൂര്‍ണ വിജയം നേടിയെന്നതാണ് ഒരു നേട്ടം. രണ്ടാമത്തെ നേട്ടം, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ധീരമായ ചുവടുവെപ്പിന് ജി എസ് എല്‍ വി മാര്‍ക്ക് മൂന്ന് കളമൊരുക്കി എന്നതാണ്. ഇതില്‍ ഏതാണ് പ്രധാനമെന്ന ചോദ്യത്തിന് വലിയ പ്രസക്തിയില്ല. ഒന്ന് വര്‍ത്തമാന കാലത്ത് തന്നെ ഗുണഫലങ്ങള്‍ ഉണ്ടാക്കാവുന്ന നേട്ടമാണെങ്കില്‍ രണ്ടാമത്തേത് ദീര്‍ഘകാല ഗവേഷണങ്ങള്‍ക്ക് വാതായനങ്ങള്‍ തുറന്നിടുകയാണ്. ചാന്ദ്രയാനിലൂടെ, മാര്‍സ് ഓര്‍ബിറ്റര്‍ മിഷനിലൂടെ, പി എസ് എല്‍ വിയിലൂടെ, അസംഖ്യം കൃത്രിമ ഉപഗ്രഹങ്ങളിലൂടെ ലോകത്തിന് മുമ്പില്‍ ഇന്ത്യ നേടിയെടുത്ത അഭിമാനകരമായ സ്ഥാനം ആധികാരികമായി ഉറപ്പിക്കുന്നതിനും ഉയര്‍ത്തുന്നതിനും ജി എസ് എല്‍ വി മാര്‍ക്ക് മൂന്നിന്റെ വിജയത്തിലൂടെ സാധിച്ചിരിക്കുന്നു.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ എസ് ആര്‍ ഒ)വിക്ഷേപണ വാഹനങ്ങളില്‍ കുടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ളത് ഇതുവരെ ജി എസ് എല്‍ വി മാര്‍ക്ക് രണ്ടായിരുന്നു. രണ്ട് ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെയാണ് ഇതിന് വഹിക്കാന്‍ ശേഷിയുണ്ടായിരുന്നത്. പി എസ് എല്‍ വിയുടെ ശേഷി1.5 ടണ്‍ വരെയായിരുന്നു. നിലവില്‍ ഭാരം കൂടിയ ഇന്‍സാറ്റ് നാല് ശ്രേണിയിലുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ നാം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും മറ്റും വാഹനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഈ ആശ്രിതത്വത്തില്‍ നിന്നാണ് വ്യാഴാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് റിസര്‍ച്ച് സെന്റിലെ വിക്ഷേപണ തറയില്‍ ഇന്ത്യ കുതറി മാറിയിരിക്കുന്നത്. ഇനി മുതല്‍ അഞ്ച് ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ജി എസ് എല്‍ വി മാര്‍ക്ക് മൂന്ന് ഉപയോഗിക്കാനാകും. 3.65 ടണ്‍ ആണ് മാര്‍ക്ക് മൂന്നിനൊപ്പം വിക്ഷേപിച്ച മാതൃകാ പേടകത്തിന്റെ ഭാരം.
വിക്ഷേപണത്തിന്റെ ഓരോ ഘട്ടവും മുന്‍ നിശ്ചയിച്ചത് പോലെ കിറുകൃത്യമായിരുന്നു. രാവിലെ ഒമ്പതരക്കാണ് ക്രൂ മൊഡ്യൂളുമായി ജി എസ് എല്‍ വി മാര്‍ക്ക് മൂന്ന് കുതിച്ചുയര്‍ന്നത്. മൂന്ന് ബഹിരാകാശ യാത്രികരെ ഉള്‍ക്കൊള്ളാവുന്ന ഭാരത്തിലും വലിപ്പത്തിലുമാണ് ക്രൂ മൊഡ്യൂള്‍ നിര്‍മിച്ചിരുന്നത്. വിക്ഷേപിച്ച് അഞ്ചര മിനുട്ട് പിന്നിട്ടപ്പോള്‍ ക്രൂ മൊഡ്യൂള്‍ 126 കിലോമീറ്റര്‍ ഉയരത്തില്‍ മാര്‍ക്ക് മൂന്നില്‍ നിന്ന് വേര്‍പെട്ട് മടക്കയാത്ര തുടങ്ങി. 20 മിനുട്ട് 43 സെക്കന്‍ഡിനകം മൊഡ്യൂള്‍ തിരിച്ചെത്തി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ ഇറങ്ങിയതോടെ ഇരട്ട നേട്ടങ്ങളുമായി പരീക്ഷണം പരിസമാപ്തി കുറിച്ചു.
ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ 1984ല്‍ സോവിയറ്റ് യൂനിയന്റെ സോയുസ് പേടകത്തിലാണ് യാത്ര തിരിച്ചത്. മനുഷ്യ ഗവേഷണ പദ്ധതിക്ക് ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ലെങ്കിലും ഈ ദിശയിലേക്കുള്ള തയ്യാറെടുപ്പിന് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട് ക്രൂ മൊഡ്യൂളിന്റെ വിജയകരമായ കുതിപ്പും പതനവും. ബഹിരാകാശത്ത് നിന്ന് പേടകം ഭൂമിയിലേക്ക് പതിക്കുമ്പോള്‍ നിരവധി വെല്ലുവിളികളാണ് പേടകത്തെ കാത്തിരിക്കുന്നത്. ഊഷ്മ വ്യത്യാസത്തിലും മര്‍ദവ്യത്യാസത്തിലും പെട്ട് പേടകം പൂര്‍ണമായി കത്തിത്തീര്‍ന്നേക്കാം. മനുഷ്യനെയും വഹിച്ച് വരുന്ന പേടകമാണ് ഇത്തരം അത്യാഹിതത്തില്‍ പെടുന്നതെങ്കിലോ? എത്ര ഭീകരമായിരിക്കും അത്. ഈ സാധ്യതയെ മറികടക്കാനാകുമോ എന്നാണ് ജി എസ് എല്‍ വി മാര്‍ക്ക് മൂന്നിന്റെ ഭാഗമായി ഐ എസ് ആര്‍ ഒ പരിശോധിച്ചത്. കനത്ത ചൂടിനെ മറികടക്കാനുള്ളസംവിധാനം ക്രൂ മൊഡ്യൂളില്‍ ഉണ്ടായിരുന്നു. ഉള്‍ഭിത്തിയില്‍ അലൂമനിയം ഉപയോഗിച്ചുള്ള പാളി. പുറത്ത് സിലിക്ക ഉപയോഗിച്ചുള്ളതും. ഇവ ഉപയോഗിച്ചാണ പേടകം 1000 ഡിഗ്രി സെള്‍ഷ്യസ് ചൂടിനെ അതിജീവിച്ചത്. മടക്ക യാത്രയുടെ വേഗം നിയന്ത്രിക്കാനായി മൂന്ന് ഘട്ടങ്ങളിലായി പാരച്യൂട്ടുകള്‍ വിന്യസിച്ചു. കടലില്‍ നിന്ന് വീണ്ടെടുക്കുന്ന പേടകം തിരുവനന്തപരും വി എസ് എസ് സിയില്‍ വിശദമായി പരിശോധന നടത്തും. മടക്ക യാത്രയുടെ ഓരോ ഘട്ടത്തിലും പേടകത്തിനുണ്ടായ മാറ്റങ്ങളും കടലില്‍ പതിച്ചപ്പോഴുണ്ടായ ആഘാതവും വിലയിരുത്തും. അതുവഴി ഭാവിയില്‍ സാധ്യമാകാനിടയുള്ള യഥാര്‍ഥ മനുഷ്യവാഹക പേടകം വികസിപ്പിക്കുന്നതിനുള്ള അമൂല്യമായ അറിവുകള്‍ ആര്‍ജിക്കും.
ബഹിരാകാശ രംഗത്ത് വാണിജ്യ സാധ്യതകള്‍ തേടുന്നത് ഇന്നൊരു പാപമല്ല. ഏറെക്കാലം നമ്മുടെ പണം മറ്റുള്ളവര്‍ കൊണ്ടുപോകുകയായിരുന്നു. ഇന്ന് പലരും നമ്മെ ആശ്രയിച്ച് തുടങ്ങിയിരിക്കുന്നു. ചെലവ് കുറഞ്ഞ വിക്ഷേപണ സൗകര്യം തേടുന്നവര്‍ക്ക് ഇന്ത്യയാണ് ഇന്ന് ആശ്രയം. ആധുനിക ലോകത്ത് അടച്ചിട്ട സമ്പദ്‌വ്യവസ്ഥകളില്ല. പരസ്പരാശ്രിതത്വത്തിന്റെതാണ് ലോകം. പക്ഷേ, ഈ ആശ്രിതത്വം അമിതമാകുമ്പോള്‍ അന്താരാഷ്ട്ര ബന്ധങ്ങളുടെ ഭാവപ്പകര്‍ച്ചകളില്‍ പെട്ട് ഗവേഷണങ്ങള്‍ വഴി മുട്ടും. നമ്മുടെ നാട്ടുകാരുടെ ജീവിതം കൂടുതല്‍ സൗകര്യ പൂര്‍ണമാക്കുന്നതിനുള്ള സാധ്യതകളാകും ഇതോടെ അടയുക. ക്രയോജനിക് സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ അതാണ് സംഭവിച്ചിരുന്നത്. ഇന്ന് അത് മറികടക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. സ്വാശ്രയത്വത്തിന്റെ അനന്തമായ ആത്മവിശ്വാസം സമ്മാനിക്കാന്‍ ജി എസ് എല്‍ വി മാര്‍ക്കിനും കഴിഞ്ഞിരിക്കുന്നു. ഇനി വലിയ കുതിപ്പിനുള്ള ശക്തി ഇത് പകരും.