ദേശീയ കരകൗശലമേള ‘സര്‍ഗോത്സവ്’ നാളെ തുടങ്ങും

Posted on: December 19, 2014 12:17 pm | Last updated: December 19, 2014 at 12:17 pm

കോഴിക്കോട്: വടകര ഇരിങ്ങല്‍ സര്‍ഗാലയ കേരള ആര്‍ടസ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ ദേശീയ കരകൗശലമേള ‘സര്‍ഗോത്സവ്’ നാളെ തുടങ്ങും. ഈ മാസം 30 വരെ നടക്കുന്ന മേളയില്‍ ക്രാഫ്റ്റ് വില്ലേജിലെ സ്ഥിരം കലാപ്രതിഭകള്‍ക്കൊപ്പം വിവിധ സംസ്ഥാനങ്ങളിലെ ദേശീയ പുരസ്‌കാര ജേതാക്കള്‍ ഉള്‍പ്പെടെയുള്ള ഇരുനൂറോളം കരകൗശല വിദഗ്ധര്‍ പങ്കെടുക്കുമെന്ന് സര്‍ഗാലയ സി ഇ ഒ പി പി ഭാസ്‌കരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയീച്ചു. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അസം, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, കേരളം, തമിഴ്‌നാട്, ഉത്തരഖണ്ഡ് സംസ്ഥാനങ്ങളിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാവിരുന്ന്, കേരളീയ ഭക്ഷ്യമേള, അമ്യൂസ്‌മെന്റ് റെയ്ഡുകള്‍, ബോട്ടിംഗ്, വിദ്യാര്‍ഥികള്‍ക്കായുള്ള കലാ, കരകൗശല മത്സരങ്ങള്‍, കേരള വനംവകുപ്പിന്റെ ക്രാഫ്റ്റ് പവലിയന്‍ തുടങ്ങിയവയും മേളയുടെ ഭാഗമായി നടക്കും. നാളെ വൈകീട്ട് ആറിന് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സര്‍ഗാലയ ജനറല്‍ മാനേജര്‍ ടി കെ രാജേഷ്, ക്രാഫ്റ്റ് ഡിസൈനര്‍ കെ കെ ശിവദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.