ജിഎസ്എല്‍വി മാര്‍ക്ക് 3 വിജയകരമായി വിക്ഷേപിച്ചു

Posted on: December 18, 2014 9:42 am | Last updated: December 19, 2014 at 9:32 am

gslv mark3.....ബെംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ജി എസ് എല്‍ വി മാര്‍ക്ക് 3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലത്തില്‍ നിന്ന് ഇന്നലെ രാവിലെ 9.30നായിരുന്നു വിക്ഷേപണം. എല്ലാം പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നുവെന്നും പുതിയ വിക്ഷേപണ വാഹനം എല്ലാ അര്‍ഥത്തിലും വിജയകരമായി പ്രവര്‍ത്തിച്ചുവെന്നും ഐ എസ് ആര്‍ ഒ മേധാവി കെ രാധാകൃഷണന്‍ പറഞ്ഞു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോഴുള്ള കൃത്യത പരിശോധിക്കാനുള്ള സംവിധാനങ്ങളും വിജയകരമായി പരീക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള മൊഡ്യൂളകളുടെ മാതൃകയില്‍ അതിന് സമാനമായ ഭാരമുള്ള ക്രൂ മൊഡ്യൂളുകളാണ് വിക്ഷേപണ വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഭൂമിയില്‍ നിന്ന് ഉയര്‍ന്ന് അഞ്ചര മിനുട്ടിനകം 377 കിലോഗ്രാം ഭാരമുള്ള അറ്റ്‌മോസ്ഫിക് റി എന്‍ട്രി എക്‌സ്പിരിമെന്റ് (കെയര്‍) എന്ന പേലോഡിനെ 126 കിലോമീറ്റര്‍ ഉയരത്തിലെത്തിക്കാന്‍ ജി എസ് എല്‍ വി മാര്‍ക്ക് 3ക്ക് സാധിച്ചു. വിക്ഷേപണ വാഹനം ഉയരുന്ന ഘട്ടത്തില്‍ 207 ടണ്‍ വീതം ഖര ഇന്ധനം അടങ്ങിയ രണ്ട് ബൂസ്റ്ററുകള്‍ ജ്വലിപ്പിച്ച് നിര്‍ത്തിയിരുന്നു. പ്രവര്‍ത്തനം സാധാരണ നിലയിലായി 153.5 സെക്കന്‍ഡിന് ശേഷം ഇത് വേര്‍പെട്ടു. 330.8 സെക്കന്‍ഡിന് ശേഷം കെയര്‍ വേര്‍പെട്ട് 16,00 കിലോമീറ്റര്‍ അകലെ ആന്‍ഡമാന്‍ കടലില്‍ പതിച്ചതോടെ ക്രയോജനിക് സാങ്കേതികയുടെ പുതിയ തലമുറയിലേക്ക് ഇന്ത്യ കുതിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശത്തിന്റെ കാര്യത്തിലായിരുന്നു ശാസ്ത്രജ്ഞന്‍മാര്‍ ആശങ്കപ്പെട്ടിരുന്നത്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള തയ്യാറെടുപ്പില്‍ നിര്‍ണായകമായ ചുവടുവെപ്പാണ് ഇന്ത്യ നടത്തിയത്. മനുഷ്യരെ വഹിക്കാന്‍ സാധിക്കുന്ന മൊഡ്യൂളുകള്‍ ബഹിരാകാശത്ത് എത്തിക്കാനും സുരക്ഷിതമായി തിരിച്ചെത്തിക്കാനും ഇന്ത്യക്ക് സാധിക്കുമെന്ന് ജി എസ് എല്‍ വി മാര്‍ക്ക് 3യുടെ വിജയകരമായ വിക്ഷേപണം തെളിയിച്ചുവെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

isro