ആഗ്രയിലെ കൂട്ട മതംമാറ്റല്‍: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

Posted on: December 17, 2014 5:11 am | Last updated: December 17, 2014 at 12:11 am

ആഗ്ര: ആഗ്ര കൂട്ട മതംമാറ്റല്‍ ചടങ്ങിന്റെ മുഖ്യസൂത്രധാരന്‍ നന്ദ് കിഷോര്‍ വാത്മീകിയെ അറസ്റ്റ് ചെയ്തു. ഇയാളെ പിടികൂടാന്‍ പോലീസ് വലവിരിച്ചിരുന്നു. വാത്മീകിയുടെ മകനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തിരുന്നു. ഹരിപ്രഭാത് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു വാത്മീകി.
കഴിഞ്ഞ എട്ടാം തീയതി ആഗ്രയിലെ വേദ് നഗറിന് സമീപം കബത്ബസ്തിയില്‍ നടന്ന കൂട്ട മതംമാറ്റല്‍ ചടങ്ങിന്റെ മുഖ്യസൂത്രധാരനും സംഘാടകനും വാത്മീകിയാണെന്ന് വാര്‍ത്തകള്‍ വന്നതോടെയാണ് സദര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇസ്മാഈല്‍ എന്നയാളാണ് പരാതി നല്‍കിയത്. വാത്മീകിക്കായി വിവിധയിടങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 12000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇരുനൂറോളം പേരെയാണ് പ്രലോഭിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും സമര്‍ദം ചെലുത്തിയും ഹിന്ദു മതത്തിലേക്ക് തീവ്രഹിന്ദുത്വ സംഘടന പരിവര്‍ത്തനം ചെയ്യിച്ചത്. ഇവര്‍ യഥാര്‍ഥ ഹിന്ദുക്കളാണെന്നും 30 വര്‍ഷം മുമ്പ് ഇസ്‌ലാമിലേക്ക് മാറിയവരാണെന്നുമുള്ള അവകാശവാദമാണ് കൂട്ട മതംമാറ്റത്തിന് നേതൃത്വം വഹിച്ച ബജ്‌റംഗ്ദളും ധരം ജാഗരണ്‍ മഞ്ചിനുമുള്ളത്.
പ്രലോഭിപ്പിച്ചും തട്ടിപ്പിലൂടെയുമാണ് മതംമാറ്റിയതെന്ന് ചൂണ്ടിക്കാട്ടി ഇരകള്‍ നേരിട്ട് രംഗത്തെത്തിയതോടെയാണ് പിന്നിലെ കള്ളക്കളികള്‍ പുറംലോകമറിഞ്ഞത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 (ബി), 415 വകുപ്പുകള്‍ പ്രകാരമാണ് സദര്‍ പോലീസ് കേസെടുത്തത്. ആഗ്രയിലെ കൂട്ടമതംമാറ്റം വിവാദമായതിന് പിന്നാലെ അലിഗഢിലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബലേറിയിലും ക്രിസ്മസ് ദിനത്തില്‍ ഇത്തരം ചടങ്ങ് സംഘടിപ്പിക്കുമെന്ന് ബജ്‌റംഗ്ദളും വി എച്ച് പിയും പ്രഖ്യാപിച്ചിട്ടുണ്ട്. അലിഗഢിലെ ചടങ്ങിന് പോലീസ് അനുമതി നിഷേധിക്കുകയും അന്നേ ദിവസം മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
കൂട്ടമതം മാറ്റം പാര്‍ലിമെന്റില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മതംമാറ്റ വിഷയത്തില്‍ പാര്‍ലിമെന്റ് നടപടികള്‍ ഇന്നലെയും തടസ്സപ്പെട്ടു.