Connect with us

Kozhikode

നമ്പറില്‍ കൃത്രിമം കാട്ടി ഏജന്റുമാരെ പറ്റിച്ച് ലോട്ടറി സമ്മാനത്തുക സ്വന്തമാക്കി

Published

|

Last Updated

കോഴിക്കോട്: ടിക്കറ്റ് നമ്പറില്‍ കൃത്രിമം കാട്ടി സമ്മാനര്‍ഹമെന്ന് തെറ്റിദ്ധരിപ്പിച്ച് ലോട്ടറി വില്‍പ്പനക്കാരില്‍ നിന്ന് പണം തട്ടി.
നഗരത്തില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ചാത്തമംഗലം സ്വദേശി ബാബു, ചേളന്നൂരിലും പരിസരങ്ങളിലുമായി ടിക്കറ്റ് വില്‍ക്കുന്ന ചേളന്നൂര്‍ സ്വദേശി രാജീവ് എന്നിവര്‍ക്കാണ് പണം നഷ്ടമായത്. ബാബുവിന്റെ രണ്ടായിരം രൂപയും രാജീവിന്റെ മൂവായിരം രൂപയും നഷ്ടപ്പെട്ടതായാണ് പരാതി. കഴിഞ്ഞ ദിവസം താമരശേരിക്കടുത്ത് പരപ്പന്‍പൊയിലില്‍ വില്‍പ്പന നടത്തുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് കാരുണ്യ പ്ലസ് ലോട്ടറിയുടെ വ്യത്യസ്ത സീരീസുകളിലുള്ള രണ്ട് ടിക്കറ്റുകള്‍ ബാബുവിനു നല്‍കുകയായിരുന്നു.
ഫലവുമായി ഒത്തുനോക്കിയപ്പോള്‍ ടിക്കറ്റുകള്‍ ആയിരം രൂപ വീതം സമ്മാനമുള്ളവയാണെന്ന് കണ്ടതിനെ തുടര്‍ന്ന് ബാബു ഇയാള്‍ക്ക് 1,100 രൂപയും 30 രൂപ വിലവരുന്ന 30 ടിക്കറ്റുകളും നല്‍കി. തുടര്‍ന്ന് ഈ ടിക്കറ്റുകളുമായി കോഴിക്കോട്ടെ ഏജന്‍സി ഓഫീസിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ബാബു അറിയുന്നത്. ബാര്‍കോഡ് പരിശോധനയില്‍ സമ്മാനര്‍ഹമായ ടിക്കറ്റല്ല ഇതെന്ന് കണ്ടെത്തുകയായിരുന്നു. ടിക്കറ്റിന്റെ നമ്പറില്‍ മാറ്റം വരുത്തിയാണ് തട്ടിപ്പ് നടത്തിയത്. സമ്മാനര്‍ഹമായ ടിക്കറ്റിന്റെ അവസാന നമ്പര്‍ മൂന്നാണ്. എട്ട് എന്ന അക്കത്തില്‍ അവസാനിക്കുന്നിടത്ത് ചുരണ്ടി മാറ്റുകയോ മറ്റോ ചെയ്ത ടിക്കറ്റാണ് തട്ടിപ്പുകാരന്‍ നല്‍കിയതെന്ന് ബാര്‍കോഡ് പരിശോധനയില്‍ വ്യക്തമായി. ചേളന്നൂരില്‍ ബൈക്കിലെത്തിയ യുവാവാണ് രാജീവിനെ ചതിച്ചത്. വെള്ളിയാഴ്ചകളില്‍ നറുക്കെടുപ്പ് നടക്കുന്ന ഭാഗ്യനിഥി ലോട്ടറിയുടെ മൂന്ന് ടിക്കറ്റുകളാണ് നല്‍കിയത്. ഓരോന്നിലും ആയിരം രൂപ വീതം സമ്മാനമുണ്ടെന്ന് ഫലവുമായി ഒത്തുനോക്കി ഉറപ്പാക്കി.
ഇതു പ്രകാരം 500 രൂപയുടെ ടിക്കറ്റും 2500 രൂപയും യുവാവിന് നല്‍കി. തുടര്‍ന്ന് രാജീവ് ഏജന്‍സിയില്‍ നടത്തിയ ബാര്‍കോഡ് പരിശോധനയിലാണ് നമ്പറിലെ കൃത്രിമം ബോധ്യപ്പെട്ടത്. തുടര്‍ന്ന് ഇരുവരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.