Connect with us

Kerala

പ്രവര്‍ത്തനം നിലച്ച സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ ശിപാര്‍ശ

Published

|

Last Updated

തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തിന്റെ സാഹചര്യത്തില്‍ ചെലവ് നിയന്ത്രിക്കുന്നതിനായി കര്‍ശന ശിപാര്‍ശകളുമായി പൊതു ചെലവ് അവലോകന സമിതി. സര്‍ക്കാറിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും ചില പ്രവര്‍ത്തനങ്ങള്‍ പുറംകരാര്‍വഴി നടത്തണമെന്ന് സമിതി നിര്‍ദേശിച്ചു. ശിപാര്‍ശകള്‍ അടങ്ങുന്ന സമിതി റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ചു. പ്രധാനമായും സര്‍ക്കാറിന്റെ കുടിവെള്ള വിതരണത്തിന് പുറം കരാര്‍ ഏര്‍പ്പെടുത്തണം.
ടാങ്കറിലും മറ്റും കുടിവെള്ളം വിതരണം ചെയ്യുന്ന രീതി അവലംബിക്കണമെന്നതാണ് സമിതിയുടെ നിര്‍ദേശം. ഇതിന് പുറമേ ശുചീകരണം, സുരക്ഷാ ജോലികള്‍, പൂന്തോട്ട പരിചരണം, യൂസര്‍ ഫീസുകളുടെ പിരിവ്, കത്ത് കൈകാര്യം ചെയ്യല്‍, അപേക്ഷാ ഫോമുകളുടെ വിതരണം എന്നിവ പുറംകരാര്‍ വഴി നല്‍കണമെന്ന് ബി എ പ്രകാശ് അധ്യക്ഷനായ സമിതിയുടെ മൂന്നാമത് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.
മാലിന്യസംസ്‌കരണം, റോഡും പൊതുസ്ഥലങ്ങളും വൃത്തിയാക്കല്‍, സര്‍ക്കാര്‍ സഹായങ്ങള്‍ വിതരണം ചെയ്യല്‍ തുടങ്ങിയവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പുറംകരാര്‍ വഴി നടപ്പാക്കണം. സമിതിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം നിയമസഭയില്‍ സമര്‍പ്പിച്ചു. സര്‍ക്കാറിന്റെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതുമായ പ്രവര്‍ത്തനം നിലച്ച സ്ഥാപനങ്ങളിലെ താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനും ന സമിതിയില്‍ നിര്‍ദേശമുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കാനും 33,061 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുമാണ് സമിതി നിര്‍ദേശിച്ചു.
പുതിയ വാഹനം വാങ്ങുന്നതും ഡ്രൈവറെ നിയമിക്കുന്നതും നിര്‍ത്തലാക്കി, കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ വാടകക്കെടുക്കണം. സര്‍ക്കാറിന് ലഭിക്കേണ്ട നികുതി പിരിച്ചെടുക്കുന്നതില്‍ വീഴ്ചയുണ്ടാവുന്നതായും സമിതി കണ്ടെത്തി.
സ്വര്‍ണത്തിന്റെ കോമ്പൗണ്ടിംഗ് സമ്പ്രദായം ശാസ്ത്രീയമായി പുനഃക്രമീകരിക്കുന്നതിനൊപ്പം നികുതി വകുപ്പിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സ്വര്‍ണവ്യാപാര സ്ഥാപനങ്ങളെ ഭൗതികപരിശോധനക്ക് വിധേയമാക്കണം. നിലവിലുള്ള സ്വര്‍ണവ്യാപാരികളെയും പുതിയ കോമ്പൗണ്ടിംഗ് സമ്പ്രദായത്തിനു കീഴില്‍ കൊണ്ടുവരണം. സംസ്ഥാനത്തെ എല്ലാ വ്യാപാരസ്ഥാപനങ്ങളെയും രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിന് ഊര്‍ജിത നടപടി സ്വീകരിക്കണം.
നിലവില്‍ 20 ലക്ഷം വ്യാപാരസ്ഥാപനങ്ങളില്‍ 3.85 ലക്ഷം മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സമിതി കണ്ടെത്തി. നികുതി പിരിവിനായി രജിസ്റ്റര്‍ ചെയ്യേണ്ട വ്യാപാരസ്ഥാപനങ്ങളുടെ മൊത്തവിറ്റുവരവ് പരിധി മറ്റു സംസ്ഥാനങ്ങളിലേതുപോലെ പത്തുലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമായി കുറക്കണം.
നിലവില്‍ വലിയൊരുവിഭാഗം നികുതി പരിധിയില്‍നിന്ന് പുറത്താണെന്നും സമിതി വിലയിരുത്തി. നികുതി ചോര്‍ച്ച തടയുന്നതിന് 10 ശതമാനം കച്ചവടസ്ഥാപനങ്ങളിലെങ്കിലും പരിശോധന നടത്തണം. നിലവില്‍ 0.01 ശതമാനം സ്ഥാപനങ്ങളില്‍ മാത്രമാണ് പരിശോധന നടക്കുന്നത്.
തൃശൂര്‍ കോര്‍പറേഷന്‍ വൈദ്യുതി നികുതി ഇനത്തില്‍ നല്‍കാനുള്ള 26 കോടി രൂപയും വനംവകുപ്പിന് വാടകയിനത്തില്‍ പിരിഞ്ഞുകിട്ടേണ്ട 234 കോടി രൂപയും പിരിച്ചെടുക്കുന്നതിന് നടപടി വേണമെന്നും ശുപാര്‍ശ ചെയ്യുന്നു.

---- facebook comment plugin here -----