തുര്‍ക്കിയില്‍ ഗുലന്റെ സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്; നിരവധി പേര്‍ അറസ്റ്റില്‍

Posted on: December 15, 2014 4:36 am | Last updated: December 15, 2014 at 9:36 am

ഇസ്താംബൂള്‍: തുര്‍ക്കി പ്രസിഡന്റ് ത്വയ്യിപ് ഉര്‍ദുഗാന്റെ എതിരാളി ഫത്ഹുല്ല ഗുല (73)ന്റെ സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്. അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഗുലന്റെ നിരവധി അനുയായികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് തുര്‍ക്കി പോലീസിന്റെ റെയ്‌ഡെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി ഗുലനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന സമാന്‍ പത്രത്തിന്റെ ഓഫീസും പോലീസ് റെയ്ഡ് ചെയ്തു. ഗുലന്റെ അനുയായികള്‍ അടങ്ങിയ സന്നദ്ധ സംഘത്തിനെതിരെ നടപടിയെടുക്കണമെന്ന് ഉര്‍ദുഗാന്‍ ഉത്തരവ് നല്‍കി രണ്ട് ദിവസത്തിന് ശേഷമാണ് പോലീസ് നടപടി.
രാജ്യത്തെ നിരവധി നഗരങ്ങളില്‍ റെയ്ഡ് നടത്തിയ പോലീസ് ഗുലനുമായി അടുത്തുനില്‍ക്കുന്ന ഒരു ടിവി ചാനലിലെ ഉന്നത എക്‌സിക്യുട്ടീവിനെയടക്കം 24 പേരെ പിടികൂടിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും പ്രചാരമുുള്ള സമാന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററടക്കം 32 പേര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുമുണ്ട്. ഗുലന്റെ അനുയായികളെ പിന്തുടര്‍ന്ന് പിടികൂടുമെന്ന് കഴിഞ്ഞ ദിവസം ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. ഒരു വര്‍ഷം മുമ്പ് തന്റെ മന്ത്രിസഭയിലെ ചിലര്‍ക്കെതിരായുണ്ടായ അഴിമതി ആരോപണത്തിന് പിന്നില്‍ ഹിസ്മത്ത് മൂവ്‌മെന്റിന്റെ ആത്മീയ നേതാവായ ഗുലനാണെന്നാണ് ഉര്‍ദുഗാന്റെ ആരോപണം.