അവശ്യ മരുന്നുകളുടെ വിലനിയന്ത്രണ പട്ടിക അട്ടിമറിക്കുന്നു

Posted on: December 15, 2014 5:40 am | Last updated: December 14, 2014 at 11:42 pm

medicinesപാലക്കാട്: വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മരുന്നുകള്‍ക്ക് വിപണിയില്‍ കടുത്ത ക്ഷാമം. പട്ടികയില്‍ ഉള്‍പ്പെടുത്തിയ മരുന്നുകള്‍ നിര്‍മിക്കാതെ കമ്പനികള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരോപിച്ചു. പട്ടികയില്‍ ഉള്‍പ്പെടുത്തിയ മരുന്നുകളുടെ രാസഘടനയിലും അളവിലും മാറ്റംവരുത്തി പുതിയ മരുന്നുകള്‍ വിപണിയിലെത്തിക്കുകയാണ് കമ്പനികള്‍.
തലച്ചോറില്‍ രക്തസ്രാവമുണ്ടായാല്‍ നല്‍കുന്ന മരുന്നാണ് ആല്‍ഫഡോപ 200. നിയന്ത്രണപ്പട്ടികയനുസരിച്ച് വില 24 രൂപ. ഇതിന്റെ രാസഘടനയിലും അളവിലും ചെറിയ മാറ്റം വരുത്തി മരുന്ന് നിര്‍മാണ കമ്പനി ആല്‍ഫാഡോപ 500 പുറത്തിറക്കി,160 രൂപ വിലയിട്ട് ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ്. അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി ഉണ്ടാക്കിയ വിലനിയന്ത്രണ പട്ടികയെ മറികടക്കാനാണ് കമ്പനികള്‍ ഇത്തരമൊരു മാര്‍ഗം സ്വീകരിക്കുന്നത്.
ആസ്ത്മക്ക് നല്‍കുന്ന സാല്‍ബ്യുറ്റമോള്‍ പട്ടികയിലുള്‍പ്പെട്ടപ്പോള്‍ ലിവോ സാല്‍ബ്യുറ്റമോള്‍ എന്ന് പേര് മാറ്റി വിപണിയിലിറക്കിയിട്ടുണ്ട്. ആന്റിബയോട്ടിക്കായ ക്ലോക്‌സസിലിന്‍ എന്ന മരുന്ന് ഡൈക്ലോക്‌സസിലിന്‍ എന്ന പേരിലാണുള്ളത്. മരുന്നുകളുടെ പേര് മാറിയതോടെ വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ടവക്കെല്ലാം വിപണിയില്‍ കടുത്ത ക്ഷാമമായി. പട്ടികയിലുള്ള മരുന്നുകള്‍ വിപണിയില്‍ കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് സാധിക്കുന്നില്ല.
സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളില്‍ അധികവും ഗുണനിലവാരമില്ലാത്തതാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് എത്തുന്ന മരുന്നുകളില്‍ രണ്ട് ശതമാനം മാത്രമേ നിലവാര പരിശോധനക്ക് വിധേയമാകുന്നുള്ളൂ. നിലവാരം പരിശോധിക്കാന്‍ കൂടുതല്‍ ലാബുകള്‍ വേണമെന്ന ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല.
വര്‍ഷം തോറും മൂന്ന് ലക്ഷം ബാച്ച് മരുന്നാണ് സംസ്ഥാനത്തെത്തുന്നത്. പബ്ലിക് ലാബില്‍ പരിശോധിക്കാനാകുന്നത് രണ്ട് ശതമാനം മരുന്ന് മാത്രം. പരിശോധിച്ചതില്‍ ഭൂരിഭാഗത്തിനും നിലവാരമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രികളില്‍ വിതരണം ചെയ്യാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ശേഖരിക്കുന്ന വിലകുറഞ്ഞ മരുന്നുകള്‍ നിലവാരമില്ലാത്തതാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റും ഡോക്ടര്‍മാരും പറയുന്നു.