Connect with us

Malappuram

ജനങ്ങള്‍ നട്ടം തിരിയുന്നു

Published

|

Last Updated

എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്തിലെ കോലോത്തുംകടവില്‍ നിര്‍മിച്ച എടവഴിക്കടവ് പാലം, അപ്രോച്ച് റോഡ് തുടങ്ങിയവക്ക് സ്ഥലം വിട്ട് നല്‍കിയവര്‍ക്ക് പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു നയാ പൈസ പോലും ലഭിച്ചില്ല.
ഭൂമി നഷ്ടപ്പെട്ടവരോട് സ്ഥലം നല്‍കുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് അന്വേഷിച്ച് റവന്യൂ വകുപ്പ് അധികൃതരുടെ കത്ത് ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. 2005 ജൂലൈ അഞ്ചിനാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ഡോ. എം കെ മുനീര്‍ എടവഴിക്കടവ് പാലത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചത്. 2012 ജൂലൈ 26ന് പാലം ഉദ്ഘാടനം നിര്‍വഹിച്ചു. പാലത്തിന് വേണ്ടി നഷ്ടപ്പെടുന്ന സ്ഥലങ്ങള്‍ക്ക് പകരമായി മതിയായ നഷ്ടപരിഹാരം ലഭിക്കുമെന്ന് മോഹിപ്പിച്ച് രാഷ്ട്രീയ നേതാക്കന്മാര്‍ വിവിധ സമ്മത പത്രങ്ങളില്‍ ഒപ്പിടാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
വീട് വീടാന്തരം കയറിയിറങ്ങിയവര്‍ ഇന്ന് ചിത്രത്തില്‍ പോലും ഇല്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പാലത്തിനും അപ്രോച്ച് റോഡിനും സ്ഥലം വിട്ടുനല്‍കിയവര്‍ കോലായി സലീന, വലിയ തൊടി മുഹമ്മദ് ഉസൈന്‍, ചെറിയമംഗലത്ത് കെ സി സുലൈഖ, എളമരം യതീംഖാന ചെറിയത്ത് സലീം, മംഗലത്ത് മുഹമ്മദലി, പുല്‍പറമ്പില്‍ ബശീര്‍, പുതിയേടത്ത് സിദ്ദീഖ്, കണ്ണാമ്പുറത്ത് അഹമ്മദ്കുട്ടി, വഖഫ് ഭൂമി, പരപ്പത്ത് ബശീര്‍, കെ പി കുഞ്ഞമ്മദ് കണ്ടിയില്‍, കൊരഞ്ഞാറ്റില്‍ അബ്ദുല്ല, തമ്പലങ്ങോട്ട് സി ടി സലീം എന്നിവരാണ്. പാലത്ത് വിട്ട് നല്‍കിയ സ്ഥലത്തുണ്ടായിരുന്ന വീട്, മരങ്ങള്‍ ഗവണ്‍മെന്റ് ലേലത്തില്‍ വിറ്റിരിക്കുകയാണ്.
പരേതനായ ചെറിയമംഗലത്ത് ഹുസൈന്റെ വീട് പൂര്‍ണമായി നഷ്ടപ്പെട്ടു. നാല് മാവ്, 11 തെങ്ങ്, അഞ്ച് പ്ലാവ്, 42 കവുങ്ങ് തുടങ്ങിയ മരങ്ങളും എടവഴിക്കടവ് പാലത്തിന് നഷ്ടപ്പെട്ടതില്‍ പെടുന്നു. കല്യാണ പ്രായമെത്തിയ പെണ്‍കുട്ടികളുള്ളവര്‍ ഹജ്ജിനും ഉംറക്കും പോകാന്‍ ആഗ്രഹിക്കുന്നവര്‍, രോഗിയായവര്‍ തുടങ്ങി നിരവധി ആളുകള്‍ പാലത്തിനും അപ്രോച്ച് റോഡിനും സ്ഥലം നല്‍കിയവരില്‍ പെടും. നാട്ടുകാര്‍ നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല.
ഭൂമി നഷ്ടപ്പെട്ടവര്‍ നഷ്ടപരിഹാരം ലഭിക്കാനായി മുട്ടാത്ത വാതിലുകളില്ല. നഷ്ടപരിഹാരം ലഭിക്കാന്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് ശക്തമായ സമര പരിപാടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest