സംസ്ഥാനത്ത് ആദായകരമല്ലാത്ത സ്‌കൂളുകള്‍ 3531

Posted on: December 10, 2014 6:00 am | Last updated: December 9, 2014 at 11:21 pm

schoolതിരുവനന്തപുരം: ശരാശരി 15 കുട്ടികളില്ലാതെ അനാദായകരമെന്ന പട്ടികയില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 3531 സ്‌കൂളുകള്‍. ഇതില്‍ 191 സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം പത്തില്‍ താഴെ മാത്രം. രണ്ട് സ്‌കൂളുകളില്‍ പഠിക്കാന്‍ ഒരു കുട്ടി പോലുമില്ല. ഹരജികള്‍ സംബന്ധിച്ച സമിതി ഇന്നലെ നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. അധ്യാപക തസ്തികകള്‍ നിലനിര്‍ത്താന്‍ ഓരോ വര്‍ഷവും അനാദായകരമെന്നതിന്റെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയിട്ടും ഇത്രയും സ്‌കൂളുകള്‍ പട്ടികയിലുണ്ട്. പത്ത് കുട്ടികളില്‍ താഴെ പഠിക്കുന്ന 191 സ്‌കൂളുകളിലായി ആകെയുള്ളത് 1366 കുട്ടികളാണ്. ഇവരെ പഠിപ്പിക്കാനായി 695 അധ്യാപകരും. ശരാശരിയെടുത്താല്‍ രണ്ട് കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്നതാണ് സ്ഥിതി. ഇതില്‍ 301 അധ്യാപകര്‍ സര്‍ക്കാര്‍ സ്‌കൂളുകളിലാണ്. 394 പേ ര്‍ എയ്ഡഡ് മേഖലയിലും.

പത്ത് കുട്ടികള്‍ പോലുമില്ലാത്ത 69 സര്‍ക്കാര്‍ സ്‌കൂളുകളാണുള്ളത്. ഇതില്‍ 65ഉം എല്‍ പി സ്‌കൂളുകളാണ്. രണ്ട് വീതം സര്‍ക്കാര്‍ യു പി, ഹൈസ്‌കൂളുകളിലും പത്ത് കുട്ടികളില്ല. പത്ത് കുട്ടികള്‍ പോലുമില്ലാത്ത 122 എയ്ഡഡ് സ്‌കൂളുകളില്‍ 116 ഉം എല്‍ പി സ്‌കൂകളാണ്. ആറ് എയ്ഡഡ് യു പി സ്‌കൂളുകളിലും പത്ത് കുട്ടികള്‍ പോലുമില്ല.
രണ്ട് സ്‌കൂളുകളില്‍ പഠിക്കാ ന്‍ ഒരു കുട്ടി പോലുമില്ല. ഒരു കുട്ടി മാത്രം പഠിക്കുന്ന അഞ്ച് സ്‌കൂളുകളുണ്ട്. അതിരങ്കല്‍ സി എം എസ് എയ്ഡഡ് യു പി സ്‌കൂളും വട്ടര്‍ക്കയം സര്‍ക്കാര്‍ എല്‍ പി സ്‌കൂളുമാണ് ഒരു കുട്ടി പോലും പഠിക്കാനില്ലാതെ പ്രവര്‍ത്തിക്കുന്നത്. ജനസംഖ്യാവര്‍ധനവ് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ കൊഴിഞ്ഞ് പോക്കല്ല, കുട്ടികള്‍ കുറയാനുള്ള കാരണമായി നിയമസഭാ സമിതി വിലയിരുത്തുന്നത്. അണ്‍ എയ്ഡഡ് മേഖലയിലേക്ക് പോകുന്ന കുട്ടികള്‍ ഏഴ് ശതമാനത്തില്‍ താഴെയാണ്. 93 ശതമാനം കുട്ടികളും ഇപ്പോഴും പഠിക്കുന്നത് സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
പത്ത് വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ അനാദയകരമായ സ്‌കൂളുകളുടെ എണ്ണം കൂടി വരികയാണ്. പ്രീ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് നിലവാരമില്ലാത്തത് കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമാകുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഏകീകൃത പഠന സമ്പ്രദായമോ പദ്ധതിയോ ഇല്ല. സര്‍ക്കാര്‍ മേഖലയില്‍ ഇത് അപൂര്‍വ്വവും എയ്ഡഡ് മേഖലയില്‍ ദു ര്‍ബലവുമാണ്. എല്‍ കെ ജി പഠനത്തിനായി കുട്ടികള്‍ അണ്‍എയ്ഡഡ് മേഖലയെ ആശ്രയിക്കുകയാണ്.
സ്‌കൂളുകളുടെ എണ്ണം വര്‍ധിച്ചതാണ് അനാദയകരമായ സ്‌കൂളുകള്‍ വര്‍ധിക്കാനുള്ള കാരണമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇത് സര്‍ക്കാറിന് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണ്. എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 62 ശതമാനം സ്‌കൂളുകളില്‍ 60 ശതമാനവും സിംഗിള്‍ മാനേജ്‌മെന്റിന് കീഴിലാണ്. കോര്‍പറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറയുമ്പോള്‍ അധ്യാപകരെ ഇന്റര്‍ സ്‌കൂള്‍ അഡ്ജസ്റ്റ്‌മെന്റ് സമ്പ്രദായത്തിലൂടെ സംരക്ഷിക്കാം. എന്നാല്‍, സിംഗിള്‍ മാനേജര്‍മാരുടെ കീഴില്‍ നിയമിക്കപ്പെടുന്നവരുടെ സംരക്ഷണം വലിയ പ്രതിസന്ധിയുണ്ടാക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഒരു മാനേജര്‍ക്ക് കീഴിലുള്ള സ്‌കൂളില്‍ കുട്ടികള്‍ കുറഞ്ഞാല്‍ അവിടെ നിയമിച്ച അധ്യാപകര്‍ക്ക് പ്രൊട്ടക്റ്റഡ് സംവിധാനം നല്‍കുകയാണ്. ഇത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. പതിനൊന്നായിരത്തോളം പ്രൊട്ടക്റ്റഡ് അധ്യാപകരാണ് ഇന്ന് സംസ്ഥാനത്തുള്ളത്. ചില സിംഗിള്‍ മാനേജ്‌മെന്റുകള്‍ ദുരുപയോഗത്തിലൂടെ അധിക ബാധ്യത വരുത്തിയിട്ടുണ്ട്. ഇത് മൂലം സ്വകാര്യസ്‌കൂളുകളിലെ അധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് നിയോഗിക്കേണ്ടി വരികയാണ്. എന്നാല്‍, സര്‍ക്കാര്‍ സ്‌കൂളിലെ ഒരു അധ്യാപകനെ പോലും എയ്ഡഡ് സ്‌കൂളുകളിലേക്ക് മാറ്റാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.