മലബാറില്‍ ആദ്യമായി മാരത്തണ്‍ മാര്‍ച്ച് എട്ടിന്

Posted on: December 9, 2014 10:48 am | Last updated: December 9, 2014 at 10:55 am

running-കോഴിക്കോട്: മലബാറില്‍ ആദ്യമായി സംഘടിപ്പിക്കുന്ന മാരത്തണ്‍ അടുത്ത മാര്‍ച്ച് എട്ടിന് നടക്കും. മലപ്പുറം മോങ്ങം സ്‌പോര്‍ട്‌സ് വില്ലേജില്‍ നിന്ന് കോഴിക്കോട് കടപ്പുറം വരെയാണ് 42 കിലോമീറ്റര്‍ മാരത്തണ്‍ നടത്തുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്‌പോര്‍ട്‌സ് വില്ലേജിന്റെ സഹകരണത്തോടെ ഇന്ത്യന്‍ ഓപ്പണ്‍ മലബാര്‍ മാരത്തണ്‍, മലബാര്‍ ജില്ലാ മാരത്തണ്‍ റാലി, കാലിക്കറ്റ് ബീച്ച് റണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മാരത്തണിനോടുബന്ധിച്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഒരു വ്യക്തി പത്ത് കിലോമീറ്ററോളം സഞ്ചരിക്കുന്ന തരത്തില്‍ മാരത്തണ്‍ റിലേയും സംഘടിപ്പിക്കുന്നുണ്ട്. പുരുഷ വനിതാ വിഭാഗങ്ങളിലായി അഞ്ച് ലക്ഷം രൂപ വീതം സമ്മാനത്തുക നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രായഭേദമന്യേ പങ്കെടുക്കാം. മാരത്തണിനോടനുബന്ധിച്ച് എല്ലാ ജില്ലകളിലും റോഡ് ഷോകളും ശില്‍പശാലകളും പരിശീലനപരിപാടികളും സംഘടിപ്പിക്കും.
മാരത്തണിന്റെ ബ്രോഷര്‍ പ്രകാശനം അര്‍ജുന അവാര്‍ഡ് ജേത്രിയും പ്രമുഖ ദേശീയ മാരത്തണ്‍ അത്‌ലറ്റുമായ സുനിത ഗോഡാര, അര്‍ജുന അവാര്‍ഡ് ജേതാവ് ബാഡ്മിന്റണ്‍ താരം വി ദിജു, മേയര്‍ പ്രൊഫ. എ കെ പ്രേമജം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ ജെ മത്തായി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
സ്‌പോര്‍ട്‌സ് വില്ലേജ് ഡയറക്ടര്‍ കാപ്പന്‍ നദീം പങ്കെടുത്തു.