അമ്മയെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തവും 10,000 രൂപ പിഴയും

Posted on: December 9, 2014 12:06 am | Last updated: December 9, 2014 at 12:06 am

തലശ്ശേരി: മദ്യലഹരിയില്‍ അമ്മയെ മരവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം തടവും 10,000 രൂപ പിഴയും. കണ്ണപുരം അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിനടുത്ത അമ്പലപ്പുറം തെക്കേപുരയില്‍ പൊന്നന്‍ എന്ന വസന്തകുമാറാ(49)ണ് ശിക്ഷിക്കപ്പെട്ടത്. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ് അനുഭവിക്കണം. കേസില്‍ വസന്തകുമാര്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ശനിയാഴ്ച തലശ്ശേരി നാലാം അഡീഷനല്‍ ജില്ലാ ജഡ്ജി ഇ സി ഹരിഗോവിന്ദ് വിധിച്ചിരുന്നു.
2012 സെപ്തംബര്‍ അഞ്ചിന് രാത്രി 9.30ഓടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ വെച്ചാണ് സ്വന്തം അമ്മ പത്മാവതി (72)യെ അടിച്ചുപരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ പത്മാവതി കണ്ണൂര്‍ എ കെ ജി ആശുപത്രിയിലെ ചികിത്സക്കിടയില്‍ സെപ്തംബര്‍ 15ന് മരണപ്പെട്ടുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തന്നെ കൊല്ലാന്‍ അമ്മ ആളുകളെ ഏര്‍പ്പെടുത്തിയെന്ന സംശയത്തിലാണ് മദ്യലഹരിയിലെത്തിയ മകന്‍ പത്മാവതിയെ മരവടി കൊണ്ട് ആക്രമിച്ചത്.
സഹോദരന്‍ പി എം മുരളീധരന്റെ പരാതിയിലാണ് കേസെടുത്തിരുന്നത്. അഡീഷനല്‍ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. കെ സി എ അബ്ദുല്‍ മുനീര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.