കിഴക്കന്‍ സിറിയയിലെ വിമാനത്താവളം ലക്ഷ്യമാക്കി ഇസില്‍ മുന്നേറ്റം

Posted on: December 6, 2014 4:21 am | Last updated: December 5, 2014 at 11:21 pm

ഡമസ്‌കസ്: കിഴക്കന്‍ സിറിയയിലെ വിമാനത്താവളം ലക്ഷ്യമാക്കി ഇസില്‍ തീവ്രവാദികള്‍ നീക്കം തുടങ്ങി. ദീര്‍ എസ് സോര്‍ വിമാനത്താവളത്തിന് സമീപപ്രദേശങ്ങള്‍ സംഘം കീഴടക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇറാഖിലെയും സിറിയയിലേയും വിപുലമായ പ്രദേശങ്ങള്‍ കിഴടക്കിയാണ് ഇസില്‍ പിടിച്ചെടുക്കല്‍ തുടരുന്നത്. സര്‍ക്കാറിന്റെ തന്ത്ര പ്രധാന്യമര്‍ഹിക്കുന്ന വിമാനത്താവളത്തിന്റെ സമീപ ഗ്രാമങ്ങള്‍ കീഴടക്കിയതായി ഇസില്‍ തീവ്രവാദികള്‍ അവകാശപ്പെട്ടു. ഇസില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള വ്യോമാക്രമണങ്ങള്‍ക്ക് ഏറെ ഉപയോഗപ്പെടുത്താറുള്ളത് ഈ വിമാനത്താവളമാണ്.
അല്‍ ജഫ്‌റ ഗ്രാമം കീഴടക്കിയതിന്റെ വീഡിയോ ഇസില്‍ സംഘം സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മേഖല എണ്ണ ഖനനം കൊണ്ട് ശ്രദ്ധേയമായ സ്ഥലങ്ങളാണ്. 2011 മുതല്‍ ഇവിടെയുള്ള എണ്ണ ശേഖരത്തിനായി സംഘര്‍ഷങ്ങള്‍ നടന്നുവരുന്നുണ്ട്. ഇവിടെ ഇസില്‍ തീവ്രവാദികള്‍ ലക്ഷ്യം വെക്കുന്നത് സൈന്യത്തിന്റെ ആയുധ ശാലകളാണ്.
പ്രവിശ്യാ തലസ്ഥാനം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങള്‍ സര്‍ക്കാറില്‍ നിന്ന് ഇസില്‍ പിടിച്ചെടുത്തു കഴിഞ്ഞു. വിമാനത്താവളം നഷ്ടപ്പെടുന്നത് സര്‍ക്കാറിന് കനത്ത തിരിച്ചടിയാകുമെന്നാണ് കണക്കാക്കുന്നത്.