ഊരുത്സവം രണ്ടാം ഘട്ടം തുടങ്ങി

Posted on: December 5, 2014 1:59 pm | Last updated: December 5, 2014 at 1:59 pm

പടിഞ്ഞാറത്തറ: ഊരുകളുടെ സമഗ്ര പുരോഗതിയും, പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടെ സുസ്ഥിര വികസനവും ലക്ഷ്യമാക്കി കുടുംബശ്രീ, ജില്ലാ മിഷനും, പട്ടികവര്‍ഗ്ഗ വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഊരുത്സവം രണ്ടാം ഘട്ടത്തിന് തുടക്കമായി.
പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പടിഞ്ഞാറത്തറ കൂവലത്തോട് കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ റഷീദ് നിര്‍വ്വഹിച്ചു. 12 വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കോളനിക്കാര്‍ക്ക് ആവശ്യമായ സേവനവും, ആനുകൂല്യങ്ങളും വികസനവും നേരിട്ട് എത്തിയെന്ന് ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ 131 കോളനികളിലാണ് പദ്ധതി ആരംഭിച്ചത്.
ഇതിലൂടെ 933 പേര്‍ക്ക് ഇന്‍ഷുറന്‍സ് കാര്‍ഡ്, 330 പേര്‍ക്ക് തൊഴില്‍ കാര്‍ഡുകള്‍, 83 റേഷന്‍ കാര്‍ഡുകള്‍ എന്നിവ ഗുണഭോക്താകള്‍ക്ക് നല്‍കി.
പദ്ധതിയുടെ ഭാഗമായി ഊരുകളില്‍ കൈവിളക്ക് വായനശാല, ബാലസഭ, ജാഗ്രത സമിതി, കുടുംബശ്രീ അയല്‍ക്കൂട്ട രൂപീകരണം തുടങ്ങിയവയും നടപ്പിലാക്കും.കോളനിയില്‍ വിവിധ വകുപ്പുകളുടെ സേവനം നേരിട്ട് ലഭ്യമാക്കുന്നതിനായി ബാങ്ക് അക്കൗണ്ട് ആരംഭിക്കുക, വീട്ട് നമ്പര്‍ നല്‍കുക ജനന മരണ രജിസ്‌ട്രേഷന്‍ ഉറപ്പ് വരുത്തുക, എക്‌െസെസ്-ജനെമെത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍കരണം, തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കാളിത്തം തുടങ്ങിയവയും രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടും. ആരോഗ്യ വകുപ്പിന് കീഴില്‍ മെഡിക്കല്‍ ക്യാമ്പ്, അക്ഷയയുടെ സേവനങ്ങള്‍, കെ. എസ്.ഇ. ബി, സാക്ഷരത മിഷന്റെ അതുല്യം പദ്ധതിയില്‍ അംഗത്വം ഉറപ്പ് വരുത്തല്‍ തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കും.