Connect with us

Kerala

വിലക്കയറ്റം: പ്രതിപക്ഷം സഭ വിട്ടു

Published

|

Last Updated

തിരുവനന്തപുരം: വിലക്കയറ്റം ചൂണ്ടിക്കാട്ടി കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം വിപണിയില്‍ ഇടപെടാന്‍ മതിയായ പണം അനുവദിക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. സപ്ലൈകോ വഴി നല്‍കിയിരുന്ന സബ്‌സിഡി സാധനങ്ങള്‍ പതിമൂന്നില്‍ നിന്ന് ഒന്‍പതായി കുറച്ചെന്നും ഇവയുടെ വില വര്‍ധിപ്പിച്ചെന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ സി ദിവാകരന്‍ ആരോപിച്ചു. വിപണിയില്‍ ഇടപെടാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഏഴ് വര്‍ഷത്തിന് ശേഷമാണ് സബ്‌സിഡി ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതെന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. 20 മുതല്‍ 35 ശതമാനം വരെ വിലക്കുറവിലാണ് സപ്ലൈകോയില്‍ സാധനങ്ങള്‍ വില്‍ക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന വര്‍ഷം 68247 ടണ്‍ ഭക്ഷ്യോത്പന്നങ്ങളാണ് സബ്‌സിഡി നിരക്കില്‍ വിറ്റതെങ്കില്‍ 201314 ല്‍ 2.37 ലക്ഷം ടണ്‍ ഉത്പന്നങ്ങള്‍ വിറ്റഴിച്ചു.
നെല്ലിന്റെ സംഭരണ വില കൊടുത്തുതീര്‍ത്തിട്ടുണ്ട്. റേഷന്‍ കടയില്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണം കൃത്യമായി നടക്കുന്നു. ഈ മാസം പത്ത് മുതല്‍ ക്രിസ്മസ് ചന്തകള്‍ തുടങ്ങും. സബ്‌സിഡി ഉത്പന്നങ്ങള്‍ കുറച്ചെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയുടെ കുത്തരങ്ങായെന്നും മാഫിയകളാണ് പൊതുവിതരണ മേഖലയെ നിയന്ത്രിക്കുന്നതെന്നും സി ദിവാകരന്‍ ആരോപിച്ചു.
അഴിമതിയെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാര്‍ പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ പോലും തിരിച്ചെടുത്തു. ക്രമക്കേടിനെ തുടര്‍ന്ന് കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയെ ഇ ടെന്‍ഡറില്‍ പങ്കെടുപ്പിച്ചു. അരി മുതല്‍ പല വ്യഞ്ജനങ്ങള്‍ക്കെല്ലാം വില ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണെന്നും ദിവാകരന്‍ പറഞ്ഞു.
രൂക്ഷമായ വിലക്കയറ്റമുണ്ടായിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ഇറങ്ങിപ്പോകുന്നതിന് മുമ്പ് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മന്ത്രിമാരും മുഖ്യമന്ത്രിയും അറിഞ്ഞില്ലെന്ന മട്ടില്‍ ഇരിക്കുകയാണ്. കണ്‍സ്യൂമര്‍ ഫെഡ് അടച്ചു പൂട്ടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും വി എസ് ആരോപിച്ചു.

Latest