‘സമൃദ്ധിയിലും സാഹോദര്യത്തിലും ലോകത്തിന് മാതൃക’

Posted on: December 2, 2014 10:08 pm | Last updated: December 2, 2014 at 10:08 pm

Dr. Azad Moopenദുബൈ: മരുഭൂമിയെ മലര്‍വാടിയാക്കിയ അത്ഭുതകരമായ കാഴ്ചയാണ് 43-ാം ദേശീയ ദിനത്തില്‍ യു എ ഇയില്‍ കാണുന്നതെന്ന് ഡി എം ഹെല്‍ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. വിവിധ രാജ്യക്കാരുടെ പാരസ്പര്യം കൊണ്ട് ലോകത്തിന് മാതൃകയാണ് യു എ ഇ. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരേപോലെ സാധ്യതകള്‍ തുറന്നിട്ട രാജ്യമാണ് യു എ ഇ. ഏതാണ്ട് 200 ഓളം ദേശക്കാര്‍ യു എ ഇയില്‍ സഹവര്‍ത്തിത്വത്തോടെ കഴിയുന്നു. അതിനുള്ള സാധ്യത ഒരുക്കിയ ഭരണാധികാരികളെ അഭിനന്ദിക്കുകയാണെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ദുബൈ: ലോകത്തിന് മുമ്പില്‍ വിസ്മയിപ്പിക്കുന്ന വികസന നേട്ടങ്ങളാണ് യു എ ഇ സ്വന്തമാക്കിയിരിക്കുന്നതെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപറേഷന്‍സ് സി ഒ ഒ. വൈ സുധീര്‍കുമാര്‍ ഷെട്ടി. രാഷ്ട്രത്തിന്റെ 43ാം ദേശീയ ദിനവുമായി ബന്ധപ്പെട്ട സന്ദേശത്തിലാണ് ഷെട്ടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏത് പ്രതിബന്ധങ്ങളെയും തട്ടിനീക്കി മുന്നേറുന്നതാണ് രാജ്യത്തിന്റെ പൈതൃകം. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മഹത്തായ നേട്ടമാണ് യു എ ഇ കുറഞ്ഞ കാലത്തിനകം നേടിയിരിക്കുന്നത്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും നല്‍കുന്ന മികച്ച നേതൃത്വമാണ് യു എ ഇയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍. ശൈഖ് ഖലീഫയും ശൈഖ് മുഹമ്മദും പ്രകടിപ്പിക്കുന്ന മഹത്തായ ദര്‍ശനമാണ് എല്ലാ പുരോഗതിക്കും പിറകിലെ ചാലകശക്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷോപലക്ഷങ്ങള്‍ക്ക് ശോഭനമായ ഭാവിയാണ് യു എ ഇ നല്‍കുന്നത്. ദീര്‍ഘവീക്ഷണത്തിനൊപ്പം എത്തിച്ചേരുന്നവരോട് ഊഷ്മളമായി പെരുമാറുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും നേതൃത്വം കാണിക്കുന്ന മനോഭാവം സമാനതകളില്ലാത്തതാണ്. വേള്‍ഡ് എക്‌സ്‌പോ 2020 രാഷ്ട്രത്തിന്റെ ചരിത്രത്തിലെ നാഴികകല്ലായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പ്രമുഖ ബ്രാന്റെന്ന നിലയില്‍ യു എ ഇ എക്‌സ്‌ചേഞ്ച് രാഷ്ട്രത്തോടും നേതൃത്വത്തോടും അതിയായി കടപ്പെട്ടിരിക്കുന്നുവെന്നും സുധീര്‍കുമാര്‍ ഷെട്ടി വ്യക്തമാക്കി.
ദുബൈ: ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാണ് യു എ ഇയെന്ന് എക്‌സ്പ്രസ് മണി വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ സുദേശ് ഗിരിയന്‍ അഭിപ്രായപ്പെട്ടു. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളില്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിക്ഷേപകരെയും സാങ്കേതികരംഗം ഉള്‍പെടെയുള്ള മേഖലകളിലെ വിദഗ്ധരെയും യു എ ഇ ആകര്‍ഷിക്കുകയാണ്. ലോകത്തിന്റെ ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നുമുള്ള അനേക ലക്ഷം ജനങ്ങള്‍ സ്‌നേഹത്തിലും സൗഹാര്‍ദത്തിലും കഴിഞ്ഞു കൂടുന്ന നാടാണ് യു എ ഇ.
പ്രവാസി സമൂഹം തങ്ങളുടെ രണ്ടാം വീടായാണ് യു എ ഇ യെ നോക്കികാണുന്നതും സ്‌നേഹിക്കുന്നതും. ലോകത്തിലെ ഏറ്റവും പ്രതീക്ഷ നല്‍കുന്ന ബിസിനസ് കേന്ദ്രവുമാണിവിടം. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും നേതൃത്വം നല്‍കുന്ന മഹത്തായ വീക്ഷണമുള്ള നേതൃത്വമാണ് യു എ ഇയുടെ നേട്ടങ്ങള്‍ക്ക് പിറകില്‍. രാജ്യത്തിന്റെ ദേശീയ ദിനത്തില്‍ പങ്കാളികളാവാന്‍ എക്‌സ്പ്രസ് മണിക്ക് സാധിച്ചതില്‍ അഭിമാനിക്കുന്നതായും സുദേശ് ഗിരിയന്‍ പറഞ്ഞു.