വിഘടിച്ചുനില്‍ക്കുന്ന ഇടതുപക്ഷം ഒന്നിക്കണം: കെ ശങ്കരനാരായണന്‍

Posted on: December 2, 2014 10:23 am | Last updated: December 2, 2014 at 10:23 am

പാലക്കാട്: വിഘടിച്ച് നില്‍ക്കുന്ന ഇടതുപക്ഷം ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തിരുത്തല്‍ ശക്തയായി പ്രവര്‍ത്തിക്കണമെന്നും മുന്‍മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു.
പാലക്കാട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മലയാള മനോരമ റസിഡന്റ് എഡിറ്ററായിരുന്ന ജോയ് ശാസ്താംപടിക്കല്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരെഞ്ഞടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ട് കോണ്‍ഗ്രസ് കോഴി കഞ്ചാവ് കഴിച്ചതുപോലെയാവില്ല. തിരെഞ്ഞടുപ്പിലെ തോല്‍വി തെറ്റ് തിരുത്താനുള്ള അവസരമായി കണക്കാക്കി മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ പുതിയ ആശയങ്ങളും വികസനപ്രവര്‍ത്തനങ്ങളും വരുന്നുണ്ടെങ്കിലും ഇത് ജനങ്ങള്‍ അംഗീകരിക്കുണ്ടോ എന്നറിയാന്‍ പരിശോധനവേണം. ജനങ്ങളുടെ അംഗീകാരത്തോടെ നടപ്പിലാക്കിയാല്‍ മാത്രമേ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് വിശ്വസ്തതയുണ്ടാകയൂള്ളൂ. പത്രപ്രവര്‍ത്തനത്തിന് സ്വാതന്ത്ര്യമുണ്ടെങ്കിലും അത് വിനിയോഗിക്കുമ്പോള്‍ മനസ്സുള്ള മനുഷ്യന്റെ മുഖമുണ്ടായിരിക്കണം. പ്രസ് ക്ലബ്ബ് സെക്രട്ടറി ജയകൃഷ്ണന്‍ നരിക്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി ആര്‍ ദിനേശ്, സംസ്ഥാന കമ്മിറ്റിയംഗം എം ആര്‍ ജോണ്‍സണ്‍, കെ പി ജലീല്‍ പ്രസംഗിച്ചു.