Connect with us

National

ഹരിയാനയില്‍ ഗുര്‍മീത് റാം റഹീമും പോലീസ് നിരീക്ഷണത്തില്‍

Published

|

Last Updated

ചാണ്ഡീഗഢ്: സ്വയം പ്രഖ്യാപിത ആള്‍ദൈവം രാംപാലിന്റെ അറസ്റ്റിന് പിറകേ ഹരിയാനയില്‍ മറ്റൊരു ആള്‍ദൈവമായ ഗുര്‍മീത് റാം റഹീം പോലീസ് നിരീക്ഷണത്തില്‍. സിഖ് വിഭാഗമായ ദേരാ സച്ചാ സൗദായുടെ “ആത്മീയ” നേതാവാണ് ഇയാള്‍. വധശ്രമമടക്കമുള്ള കുറ്റത്തില്‍ രാംപാലിനെതിരായ കേസില്‍ വാദം കേള്‍ക്കവേയാണ് സംസ്ഥാനത്തെ സ്വയം പ്രഖ്യാപിത ആള്‍ ദൈവങ്ങളെ നിരീക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
രാംപാലിനെ ഹിസാര്‍ ജില്ലയിലെ ഭര്‍വാല ഗ്രാമത്തിലെ സത്‌ലോക് ആശ്രമത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. രാംപാലിന്റെ അനുയായികള്‍ പോലീസിനെ പ്രതിരോധിക്കാനായി വന്‍ സന്നാഹമാണ് ഒരുക്കിയത്. ഇത് ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ മരിച്ചു. ഈ സാഹചര്യത്തില്‍ ഇത്തരം ആശ്രമങ്ങളിലെ സായുധ സന്നാഹം അന്വേഷിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. ഗുര്‍മീത് രാം റഹീമിനെതിരെ ബലാത്സംഗ കേസ് നിലനില്‍ക്കുന്നുണ്ട്. ഇയാള്‍ സെഷന്‍സ് കോടതിയില്‍ എത്തിയത് ആയിരക്കണക്കിന് അനുയായികളുടെ അകമ്പടിയോടെയായിരുന്നു.
ദേരാ സച്ചാ സൗദ ആശ്രമത്തില്‍ നടത്തിയ തിരച്ചിലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. രാജ്യത്തെ മുന്‍ പട്ടാളക്കാരുടെ നേതൃത്വത്തില്‍ സായുധ സേനയുണ്ട് ഇവിടെ. നിയമവിരുദ്ധമായി ആയുധ ശേഖരവുമുണ്ട്. ഇത്തരം സംവിധാനങ്ങള്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് വന്‍ വെല്ലുവിളിയാകുമെന്ന് കോടതി നിരീക്ഷിക്കുന്നു. ദേരാ ആശ്രമത്തിന്റെ തലവന്‍ ഗുര്‍മീതിനെതിരെ കൊലപാതകം, പീഡനം തുടങ്ങിയ കേസുകളാണ് ഉള്ളത്. ഐ പി സി 302 വകുപ്പ് പ്രകാരം കൊലപാതകം, ഐ പി സി 376 വകുപ്പ് പ്രകാരം പീഡനം എന്നിവയാണ് ചുമത്തിയത്. ആയിരക്കണക്കിന് അനുയായികളാണ് അദ്ദേഹത്തിനുള്ളതെന്നും ജസ്റ്റിസ് ജയപാലിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. അനുയായികളുടെ അടുത്ത് ആയുധങ്ങളും, മറ്റുമുള്ളതിനാല്‍ ഏറ്റുമുട്ടലുണ്ടാകുന്നത് സൂക്ഷിക്കണമെന്നും ഡിവിഷന്‍ ബഞ്ച് കൂട്ടിച്ചേര്‍ത്തു.

Latest