വടക്കുകിഴക്കന്‍ മേഖലയുടെ റെയില്‍ വികസനത്തിന് 28000 കോടി

Posted on: December 2, 2014 5:21 am | Last updated: December 1, 2014 at 11:23 pm

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ മേഖലയിലെ റെയില്‍വേ മേഖലയിലെ വികസനത്തിന് കേന്ദ്രം 28000 കോടി രൂപ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനോദ സഞ്ചാര മേഖലയുടെ സമഗ്ര വികസനത്തിന് പുതിയ റെയില്‍പാതകള്‍ തുടങ്ങുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഈ മേഖലയിലെ ടെലികോം വികസനത്തിന് 2ജി മൊബൈല്‍ കവറേജ് ലഭിക്കുന്നതിനായി 5000 കോടി രൂപ അനുവദിച്ചതായി മോദി അറിയിച്ചു. വിേദശികളടക്കം നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട കേന്ദ്രമാണിത്. റോഡ്, റെയില്‍, വിമാന സര്‍വീസുകള്‍ ഇല്ലെങ്കില്‍ ടൂറിസം മേഖല പുരോഗമിക്കില്ല. പുതിയ റെയില്‍ പദ്ധതിക്കും 14 പുതിയ പാതകള്‍ നിര്‍മിക്കുന്നതിനുമായാണ് 28000 കോടി രൂപ അനുവദിക്കുന്നത്. നാഗാലാന്‍ഡിന്റെ വലിയ വാര്‍ഷിക ആഘോഷമായ ഹോണ്‍ബില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
്‌നാഗാലാന്‍ഡിലെ ഹോണ്‍ബില്‍ ഉത്സവം സംഛാനത്തെ അഭിവൃദ്ധിപ്പെടുത്തും. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഇതിന്റെ ഗുണഫലമുണ്ടാകും. വികസനത്തിന്റെ ജീവനാഡിയാണ് ഊര്‍ജം എന്നതിനാല്‍ മേഖലയിലെ ആറ് സംസ്ഥാനങ്ങളില്‍ ഊര്‍ജ മേഖല മെച്ചപ്പെടുത്താന്‍ അയ്യായിരം കോടി രൂപ അനുവദിച്ചിട്ടുണ്ട്. മുഴുവന്‍ ദിവസങ്ങളിലും മുഴുവന്‍ സമയവും ഊര്‍ജ വിതരണം നേടുകയെന്നതാണ് ലക്ഷ്യം. ഇന്ന് അടിസ്ഥാന സൗകര്യമെന്നതിന്റെ ലക്ഷ്യം മുഴുവന്‍ മാറിയിരിക്കുന്നു. ഇന്റര്‍നെറ്റ് സൗകര്യവും നമുക്ക് പ്രാപ്യമാകേണ്ടതുണ്ട്. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമില്ലാതെ ജീവിക്കാന്‍ ഇന്ന് യുവാക്കള്‍ക്ക് സാധ്യമല്ല. മോദി പറഞ്ഞു.
ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ സൗകര്യം സംസ്ഥാനത്ത് ലഭ്യമാക്കണമെന്ന് നേരത്തെ എം പിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഫൂട്ട്ഹില്‍ റോഡ്, ട്രെയിന്‍, എയര്‍പോര്‍ട്ട്, ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പാക്കേജ് എന്നിവയും എം പിമാരുടെ ആവശ്യമാണ്. അടല്‍ ബിഹാരി വാജ്പയിയുടെ മൂന്ന് ദിവസത്തെ സന്ദര്‍ശനം നാഗാ ജനങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച എം പിമാര്‍ ചൂണ്ടിക്കാട്ടി. സമാധാന നില കൈവരിക്കുക, സാമ്പത്തിക പാക്കേജ് എന്നിവ യാഥാര്‍ഥ്യമാക്കാന്‍ വാജ്പയിക്ക് സാധിച്ചില്ലെന്നും എം പിമാര്‍ ഓര്‍മിച്ചു. കോഹിമക്കും ദീമാപൂരിനും ഇടക്കുള്ള നാലുവരിപ്പാതയും താപോര്‍ജ നിലയവും പ്രഖ്യാപിച്ചെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായില്ല. മോദിയുടെ സന്ദര്‍ശനത്തിലൂടെ ഇതിന് മാറ്റമുണ്ടാകുമെന്നും എം പിമാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.