Connect with us

Kerala

കരിമണല്‍ ഖനനം സ്വകാര്യ മേഖലക്ക് നല്‍കാന്‍ അനുവദിക്കില്ല: സി പി എം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കരിമണല്‍ ഖനനം സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. രാജ്യത്തെ ധാതുസമ്പത്ത് സ്വകാര്യകുത്തകകള്‍ക്ക് തീറെഴുതിയ യു പി എ സര്‍ക്കാറിന്റെ നവഉദാരവത്കരണ നയങ്ങളുടെ പ്രത്യാഘാതമാണ് കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലക്ക് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനു പിന്നിലുള്ളത്. ഇക്കാര്യത്തില്‍ തക്കസമയത്ത് അപ്പീല്‍ സമര്‍പ്പിച്ച് സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിന് പകരം ഈ രംഗത്തെ സ്വകാര്യ ലോബിയുമായി ഒത്തുകളിക്കുന്ന നിലപാടാണ് യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാറിന്റെ ഈ വഞ്ചനക്കെതിരെ ശക്തമായ ജനരോഷം ഉയരണം.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ കരിമണല്‍ ഖനനത്തിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും ഇതിനെതിരെ സംസ്ഥാനത്ത് രൂപപ്പെട്ട ജനരോഷത്തെ തുടര്‍ന്ന് സ്വകാര്യ മേഖലയില്‍ ഖനനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ അംഗീകരിച്ച വ്യവസായനയത്തില്‍ കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമേ നടത്തൂ എന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ഇതിനിടെ, യു പി എ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍, മറ്റ് മേഖലകളെപ്പോലെ ധാതുമണല്‍ ഖനനമേഖലയും സ്വകാര്യമേഖലക്ക് തുറന്നുകൊടുത്ത് ഉത്തരവിറക്കി. സംസ്ഥാന സര്‍ക്കാറിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു കേന്ദ്രനീക്കം. ഈ കേന്ദ്രനയത്തിന്റെ ചുവടുപിടിച്ചാണ് ഏതാനും സ്വകാര്യ കമ്പനികള്‍ സംസ്ഥാനത്തെ കടല്‍ത്തീരങ്ങളില്‍ കരിമണല്‍ ഖനനാനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചത്. 2013ല്‍ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച്, സ്വകാര്യ സ്ഥാപനങ്ങളുടെ അപേക്ഷകളിന്മേല്‍ ആറ് മാസത്തിനകം തീരുമാനമെടുക്കാന്‍ സര്‍ക്കാറിന് ഉത്തരവ് നല്‍കി. ഈ ഉത്തരവിനെതിരെ യഥാസമയം അപ്പീല്‍ നല്‍കാതെ സര്‍ക്കാര്‍ സ്വകാര്യ വ്യവസായികളുമായി ഒത്തുകളിച്ചു. അവര്‍ക്ക് അനുകൂലമായി അന്തിമവിധി ഉണ്ടാകാന്‍ യു ഡി എഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ് ചെയ്തത്.
സംസ്ഥാന താത്പര്യങ്ങള്‍ പൂര്‍ണമായും ബലികഴിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. വളരെ വൈകി സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിച്ചതുമില്ല. അങ്ങനെയാണ്, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഖനനാനുമതി നല്‍കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന് മാത്രമേ കരിമണല്‍ ഖനന വിഷയത്തില്‍ ഇടപെടാന്‍ അധികാരമുള്ളൂ എന്നാണ് ഹൈക്കോടതിയുടെ നിലപാട്. സംസ്ഥാനത്തെ കടല്‍ ത്തീരത്തെ ആവാസവ്യവസ്ഥയും അമൂല്യസമ്പത്തും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് സംഭവിച്ച കുറ്റകരമായ വീഴ്ചയാണ് ഇതിനിടയാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ, സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായ സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്നും ഒരു സാഹചര്യത്തിലും കേരള കടല്‍ത്തീരത്ത് സ്വകാര്യ കമ്പനികളുടെ ഖനനം അനുവദിക്കരുതെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Latest