ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതി

Posted on: November 30, 2014 11:19 am | Last updated: November 30, 2014 at 11:19 am

കല്‍പ്പറ്റ: ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അഭാവത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് ജില്ലാ വികസന സമിതി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മന്ത്രി പി.കെ.ജയലക്ഷ്മി അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളിലും ജില്ലാ ആശുപത്രിയില്‍ പ്രത്യേകിച്ചും ഡോക്ടര്‍മാര്‍ ഇല്ലാത്തത് രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പി.ജി. പ്രവേശനത്തിന് ഗ്രാമീണ ആശുപത്രികളിലെ സേവനം നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ഉടന്‍ ചര്‍ച്ച നടത്തും. ജില്ലാ ആശുപത്രിയില്‍ നിയമിക്കുന്ന ഡോക്ടര്‍മാരെ ജില്ലയിലെ മറ്റ് ആശുപത്രികളില്‍ മാറ്റി നിയമിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലാ ആശുപത്രിയിലേക്ക് ആധുനിക സൗകര്യങ്ങളോടെയുള്ള രണ്ട് ആംബുലന്‍സുകള്‍ വാങ്ങുന്നതിന് പട്ടിക വര്‍ഗ്ഗ ക്ഷേമ ഫണ്ടില്‍ നിന്നും എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിക്കും. മാനന്തവാടി എഞ്ചിനീയറിംഗ് ഹോസ്റ്റലിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും തുക എത്രയും വേഗം അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിനിടയില്‍ താല്‍ക്കാലികമായി വെള്ളം ലഭിക്കുന്നതിന് സംവിധാനമേര്‍പ്പെടുത്താന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.
കല്‍പ്പറ്റ ടൗണിലെ ഫുട്പാത്തുകള്‍ സഞ്ചാര യോഗ്യമാക്കുന്നതിന് നഗരസഭക്ക് അനുമതി നല്‍കണമെന്ന് നാഷനല്‍ ഹൈവെ അധികൃതരോട് ആവശ്യപ്പെടാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഹൗസിംഗ് ബോര്‍ഡില്‍ നിന്നും വായ്പയെടുത്തവര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം വരുന്നതുവരെ നിര്‍ത്തിവെക്കുന്നതിന് ബോര്‍ഡിനോട് ആവശ്യപ്പെടും.2011ലെ സെന്‍സസ് പ്രവര്‍ത്തനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്ക് ജില്ലാ കളക്ടര്‍ വി. കേശവേന്ദ്രകുമാര്‍ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സേവനത്തില്‍ നിന്നും വിരമിച്ച അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ ഇ.എ.മത്തായി, സ്ഥാനക്കയറ്റം ലഭിച്ച പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാബു ഫിലിപ്പ് എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് ഉപഹാരങ്ങള്‍ നല്‍കി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഉഷാകുമാരി, എ.ഡി.എം പി.വി.ഗംഗാധരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ.എസ്. വിജയ, പി.കെ. അനില്‍കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.