Connect with us

International

അടിമകളുടെ എണ്ണം കണ്ട് ബ്രിട്ടന്റെ കണ്ണുതള്ളി

Published

|

Last Updated

ലണ്ടന്‍: ബ്രിട്ടനില്‍ അടിമകളുടെ എണ്ണം കഴിഞ്ഞവര്‍ഷങ്ങളിലുള്ളതിനേക്കാള്‍ വര്‍ധിച്ചതായി പഠനം. നിലവില്‍ 10,000ത്തിനും 13,000ത്തിനുമിടയില്‍ അടിമകളുണ്ടെന്നാണ് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്ക്. കഴിഞ്ഞ വര്‍ഷം ഇത് 2,744 ആയിരുന്നു. വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കപ്പെട്ട് അടിമകളായി കഴിയുന്ന സ്ത്രീകളുടെ എണ്ണം കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഇതിന് പുറമെ ഫാക്ടറികള്‍, മത്സ്യബന്ധന ബോട്ടുകള്‍, കാര്‍ഷിക മേഖല, വീടുകളില്‍ കഴിയുന്നവര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇപ്പോഴും ആയിരങ്ങളാണ് ബ്രിട്ടനില്‍ അടിമകളായി കഴിയുന്നത്. ഇതുസംബന്ധിച്ച് ആദ്യമായി ബ്രിട്ടീഷ് സര്‍ക്കാര്‍ കണക്ക് പുറത്തുവിട്ടത് കഴിഞ്ഞ വര്‍മായിരുന്നു. അടിമത്തം അവസാനിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ അടിമകളായി കഴിയുന്നവര്‍ ലോകത്തെ നൂറിലധികം രാജ്യങ്ങളില്‍ നിന്നെത്തിയവരാണെന്നും ഇവരില്‍ കൂടുതല്‍ പേരും നൈജീരിയ, അല്‍ബേനിയ, വിയറ്റ്‌നാം, റൊമാനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിവിധ ഏജന്‍സികളുടെ സഹായത്തോടെയാണ് കണക്കെടുപ്പ് നടന്നത്. വിചാരിച്ചിരുന്നതിനേക്കാള്‍ അടിമകളുടെ എണ്ണം എത്രയോ ഉയര്‍ന്നിരിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. പുതിയ കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്ന്, ഇതിനോടുള്ള പ്രതികരണത്തില്‍ ആഭ്യന്തര സെക്രട്ടറി തേരേസ മെയ് പറഞ്ഞു. ലോകത്തെല്ലായിടത്തും നഗരങ്ങളിലും പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലുമായി അടിമത്ത സമ്പ്രദായം പടര്‍ന്നുപിടിച്ചിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest