മീഡിയാശ്രീ പദ്ധതിയുടെ ബാധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്

Posted on: November 28, 2014 3:32 am | Last updated: November 27, 2014 at 11:33 pm

തിരുവനന്തപുരം: വികലാംഗ ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ പേരില്‍ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിക്കുന്ന വികലാഗ ദിനാചരണ, മീഡിയാശ്രീ പദ്ധതികളുടെ ബാധ്യത സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നു. ഇരു പരിപാടികള്‍ക്കുമായി ആവശ്യമായി വരുന്ന ഏഴുകോടിയോളം രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തി നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബാധ്യതയുടെ നല്ലൊരു പങ്കും ഗ്രാമ പഞ്ചായത്തുകളാണ് വഹിക്കേണ്ടത്. ഗ്രാമ വികസന മന്ത്രിയും പഞ്ചായത്ത് മന്ത്രിയും പങ്കെടുത്ത വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല ഏകോപന സമിതിയുടെതാണ് തീരുമാനം.
കുടുംബശ്രീ സ്റ്റേറ്റ് മിഷന്റെ ‘മീഡിയാശ്രീ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചരിത്രവും വര്‍ത്തമാനവും പദ്ധതികളും നിലവിലെ ഭരണസമിതിയുടെ നേട്ടങ്ങളും ഡോക്യുമെന്ററി ചിത്രങ്ങളായി പുറത്തിറക്കുന്നതിനായി 65,000 രൂപ വീതം ഓരോ ഗ്രാമപഞ്ചായത്തും നല്‍കണമെന്നാണ് നിര്‍ദേശം. വാര്‍ഷിക പദ്ധതിയുടെ തനത് ഫണ്ടില്‍നിന്നോ വികസന ഫണ്ടില്‍നിന്നോ തുക നല്‍കാനാണ് നിര്‍ദേശം.
ലോക വികലാംഗ ദിനമായ ഡിസംബര്‍ മൂന്നിന് സംസ്ഥാന- ജില്ലാതല പരിപാടികള്‍ക്ക് ഗ്രാമപഞ്ചായത്തുകള്‍ 2000 രൂപയും, ബ്ലോക്ക് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും 5000 രൂപയും, കോര്‍പ്പറേഷനുകള്‍ 10,000 രൂപയും നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സാമൂഹികനീതി വകുപ്പിന്റെകൂടി ചുമതലയുള്ള പഞ്ചായത്ത് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. വാര്‍ഷിക പദ്ധതി വിഹിതംപോലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിഷേധിച്ച ശേഷമാണ് ഇത്തരത്തിലുള്ള അധിക ബാധ്യതകള്‍ അടിച്ചേല്‍പ്പിക്കുന്നത്. അനുവദിച്ച തുകപോലെ ട്രഷറി നിയന്ത്രണങ്ങള്‍മൂലം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പിന്‍വലിക്കാനാകുന്നില്ല.